കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അതിശക്തമായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 903 ആയി. 4,247 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് നേപ്പാൾ ദേശീയ ദുരന്തസാധ്യതാ കുറയ്ക്കൽ-നിർവഹണ അതോറിറ്റി (NDRRMA) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 26ന് ആരംഭിച്ച ഭോട്ടെ കോശി നദിയിലെ അതിശക്തമായ വെള്ളപ്പാച്ചിലാണ് വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായത്.
രക്ഷാപ്രവർത്തനങ്ങൾക്കിടെ ഇതുവരെ 10,451 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റ 267 പേരിൽ 156 പേർ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. നേപ്പാൾ സൈന്യം, പൊലീസ്, സായുധ പൊലീസ് സേന എന്നിവയിൽ നിന്നായി 20,819 സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി വിന്യസിച്ചിട്ടുണ്ട്.
കാണാതായവരിൽ 592 വിദേശ പൗരന്മാരും ഉൾപ്പെടുന്നു. വിവിധ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട 933 പേരെയും കണ്ടെത്താനുണ്ട്. റാസുവ ജില്ലയിൽ 865 പേരും നുവാകോട്ട് ജില്ലയിൽ 1,558 പേരുമാണ് കാണാതായതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ സേനയിലെ 83 പേരും കാണാതായവരുടെ പട്ടികയിലുണ്ട്.
പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതും വലിയ വെല്ലുവിളിയാണ്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ വിവിധ ജില്ലകളിലെ 21 ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള ഫോറൻസിക് സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.
രക്ഷാപ്രവർത്തനങ്ങൾക്ക് ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘങ്ങളും സഹായിക്കുന്നുണ്ട്. തുരങ്കങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായി ഇന്ത്യയിൽനിന്ന് 11 പേരും ചൈനയിൽനിന്ന് ഒമ്പത് പേരുമടങ്ങുന്ന പ്രത്യേക സംഘങ്ങൾ നേപ്പാളിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽനിന്നുള്ള 18 ഫോറൻസിക് വിദഗ്ധരും ഡിഎൻഎ പരിശോധനയ്ക്കായി പ്രവർത്തിക്കുന്നുണ്ട്.
പ്രളയത്തിൽ റോഡുകൾ, പാലങ്ങൾ, വീടുകൾ, ജലവൈദ്യുത പദ്ധതികൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്.

