ന്യൂഡൽഹി: ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും ഇന്ത്യയിലേക്ക് ദീർഘകാലത്തേക്ക് യുറേനിയം വിതരണം ചെയ്യുന്നതിനുള്ള സംവിധാനം സ്ഥാപിക്കാൻ ധാരണയായി. ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി താഷ്കന്റിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്താനും തീരുമാനിച്ചു. 2030ഓടെ ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി ഉയർത്തുകയാണ് മറ്റൊരു ലക്ഷ്യം. വ്യാപാരം, പ്രതിരോധം, നിർണായക ധാതുക്കൾ, ആരോഗ്യം, കൃഷി, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ചയായി.
യുറേനിയം വിതരണവുമായി ബന്ധപ്പെട്ട് ദീർഘകാല സംവിധാനം സ്ഥാപിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, വിതരണത്തിന്റെ അളവ്, കാലാവധി, സാമ്പത്തിക മൂല്യം തുടങ്ങിയ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഉസ്‌ബെക്കിസ്ഥാന്റെ ഔദ്യോഗിക രേഖകളിലും ഖനനം, ധാതുസമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉൾപ്പെടെ വിവിധ കരാറുകൾ ഒപ്പുവച്ചതായി വ്യക്തമാക്കുന്നു.

