ന്യൂഡൽഹി: യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി ഇന്ത്യൻ പർവതാരോഹക ശിവാനി. കൊടുമുടിയിൽ ഇന്ത്യൻ ത്രിവർണം ഉയർത്തിയാണ് ശിവാനി നേട്ടം സ്വന്തമാക്കിയത്. റഷ്യയിലെ മൗണ്ട് എൽബ്രസിലേക്കുള്ള ദൗത്യം ഓഗസ്റ്റ് 8ന് മുംബൈയിൽനിന്ന് ദുബായ് വഴി ആരംഭിച്ചതായി അവർ പറഞ്ഞു.
പത്തുദിവസത്തെ ദൗത്യമാണ് റഷ്യൻ കമ്പനി ആസൂത്രണം ചെയ്തിരുന്നത്. മനക്കരുത്തിന്റെയും ശാരീരിക ക്ഷമതയുടെയും പരീക്ഷണമായിരുന്നു കൊടുമുടി കയറ്റമെന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ശിവാനി പറഞ്ഞു. പ്രായത്തേക്കാൾ നിശ്ചയദാർഢ്യവും അച്ചടക്കവുമാണ് ലക്ഷ്യം നേടുന്നതിൽ പ്രധാനമെന്നും അവർ വ്യക്തമാക്കി.
2019ൽ സുഹൃത്തിനൊപ്പം എവറസ്റ്റ് ബേസ് ക്യാംപിലേക്ക് നടത്തിയ യാത്രയാണ് ട്രക്കിങ്ങിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രചോദനമായത്. തുടർന്ന് കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലും ട്രക്കിങ് നടത്തി. ഫ്രണ്ട്ഷിപ്പ് പീക്ക്, കിളിമഞ്ചാരോ എന്നിവിടങ്ങളിലുൾപ്പെടെ ദുഷ്കരമായ ദൗത്യങ്ങളും ശിവാനി പൂർത്തിയാക്കിയിട്ടുണ്ട്.
സ്വന്തമായി സമ്പാദിച്ച പണം ഉപയോഗിച്ചാണ് എൽബ്രസ് ദൗത്യത്തിന് പോയതെന്നും ശിവാനി പറഞ്ഞു. ദൗത്യത്തിൽ പിന്തുണ നൽകിയ മാതാപിതാക്കൾക്കും ഭർത്താവിനും മകൾക്കും സുഹൃത്തുക്കൾക്കും അവർ നന്ദി അറിയിച്ചു.

