കൊടുവായൂർ – ആലത്തൂർ സംസ്ഥാനപാതയിൽ രൂക്ഷമായ വെള്ളക്കെട്ട്; കുനിശ്ശേരിയിൽ അപകടഭീഷണി വർധിക്കുന്നു

കുനിശ്ശേരി: കൊടുവായൂർ – ആലത്തൂർ സംസ്ഥാനപാതയിൽ കുനിശ്ശേരി ടൗണിന് സമീപം രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ട് വലിയ ഗതാഗതക്കുരുക്കിനും അപകടഭീഷണിക്കും കാരണമാകുന്നു. സമീപത്തെ വയൽ നികത്തി കെട്ടിടം നിർമ്മിച്ചതിനെത്തുടർന്ന് റോഡിനടിയിലൂടെയുള്ള ഓവുചാൽ അടഞ്ഞതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കിയത്.

വെള്ളം കെട്ടിക്കിടന്ന് റോഡ് പൂർണമായി തകരുകയും വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രികർക്ക് വലിയ അപകടക്കെണിയാണ് ഒരുക്കുന്നത്. വെള്ളക്കെട്ടിന് എതിർവശത്തായി റോഡിനോട് ചേർന്ന് തന്നെ കുളമുള്ളതിനാൽ, വെള്ളക്കെട്ട് ഒഴിവാക്കാൻ വാഹനങ്ങൾ റോഡരികിലൂടെ വെട്ടിച്ചുമാറ്റുന്നത് വൻ ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

റോഡിന്റെ ശോച്യാവസ്ഥ കാരണം നിലവിൽ ഇതുവഴി ഒറ്റവരി ഗതാഗതം മാത്രമാണ് സാധ്യമാകുന്നത്. വെളിച്ചക്കുറവുള്ള രാത്രികാലങ്ങളിൽ ഈ റൂട്ടിലൂടെയുള്ള യാത്ര അതീവ അപകടകരമായ അവസ്ഥയിലാണ്.

വിഷയം പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകുന്നത് വരെ റോഡിൽ അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ഷംസുദ്ദീൻ കുനിശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന കുനിശ്ശേരി ജനകീയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *