വടക്കഞ്ചേരി: വടക്കഞ്ചേരി, പന്നിയങ്കര, തേനിടുക്ക്, കാളാംകുളം തുടങ്ങിയ പ്രദേശങ്ങളിൽ കുന്നിടിക്കലും പാറപൊട്ടിക്കലും ഉൾപ്പെടെയുള്ള അനധികൃത ഖനനം നിർബാധം തുടരുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ വടക്കഞ്ചേരി ഒന്ന് വില്ലേജ് അധികൃതർ മുപ്പതോളം തവണ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. ജിയോളജി വകുപ്പ് ചുമത്തുന്ന പിഴയടച്ച് വീണ്ടും ഖനനം തുടരുന്നതാണ് നിലവിലെ രീതി. ഖനനം തടയാനുള്ള അധികൃതരുടെ നീക്കങ്ങൾ വെറും കണ്ണിൽപൊടിയിടൽ മാത്രമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പന്നിയങ്കരയിൽ ഒരു കുന്നിന്റെ പകുതിയിലധികം ഇതിനകം ഇടിച്ചുനിരത്തിക്കഴിഞ്ഞു. കുന്ന് പൂർണമായി ഇല്ലാതാകുന്നത് കാറ്റിന്റെ ഗതിമാറ്റത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്. ഖനന മേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന സ്‌കൂൾ കെട്ടിടത്തിനും ഇത് വലിയ ഭീഷണിയുയർത്തുന്നുണ്ട്. ഇതുസംബന്ധിച്ച് സ്‌കൂൾ അധികൃതർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തേനിടുക്ക് പ്രദേശത്തെ മൂന്ന് കുന്നുകൾ പകുതിയോളം ഇടിച്ച് ഇല്ലാതാക്കിയ നിലയിലാണ്. കൂടാതെ രണ്ടുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണി സ്ഥിതിചെയ്യുന്ന കുന്നിന്റെ താഴ്ഭാഗത്തും സമീപത്തെ കുന്നിലുമാണ് അതീവ അപകടകരമായ രീതിയിൽ മണ്ണിടിക്കൽ പുരോഗമിക്കുന്നത്.
സ്റ്റോപ്പ് മെമ്മോ ലഭിക്കുമ്പോൾ കുറച്ചുനാളത്തേക്ക് പ്രവർത്തനം നിർത്തിവെക്കുകയും തുടർന്ന് വീണ്ടും ആരംഭിക്കുകയുമാണ് ഖനന മാഫിയ ചെയ്യുന്നത്. പ്രധാനമായും രാത്രികാലങ്ങളിലാണ് അനധികൃത ഖനന ജോലികൾ നടക്കുന്നത്. അനധികൃതമായി പാറപൊട്ടിക്കുന്നതിനായി ഇവർക്ക് വെടിമരുന്ന് എവിടെനിന്ന് ലഭിക്കുന്നു എന്നത് കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മേഖലയിൽ പോലീസ് പരിശോധന കർശനമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് അനധികൃത ഖനനത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

