കാൻബറ: വൺ നേഷൻ പാർട്ടിക്കെതിരായ രാഷ്ട്രീയ ആക്രമണങ്ങൾ അതിരുവിടുന്നുവെന്ന ആരോപണവുമായി പാർട്ടി നേതാവ് പോളിൻ ഹാൻസൻ. പ്രധാനമന്ത്രി ആന്റണി ആൽബനീസും ട്രഷറർ ജിം ചാൽമേഴ്സും പരിധി ലംഘിക്കുകയാണെന്ന് (crossing a line) അവർ കുറ്റപ്പെടുത്തി. വൺ നേഷൻ പാർട്ടിയെ ‘അപകടകരവും ഭിന്നിപ്പുണ്ടാക്കുന്നതുമാണ്’ എന്ന് ലേബർ പാർട്ടി നേതൃത്വം വിശേഷിപ്പിച്ചതിനെതിരെയാണ് ഹാൻസന്റെ രൂക്ഷമായ പ്രതികരണം.
പൗരന്മാരുടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് രാജ്യത്തിന് ഭീഷണിയാണെന്ന തരത്തിലുള്ള ആക്ഷേപങ്ങൾ കേൾക്കാതെ തന്നെ ഓസ്ട്രേലിയക്കാർക്ക് വൺ നേഷൻ പാർട്ടിക്ക് വോട്ട് ചെയ്യാൻ അവകാശമുണ്ടെന്ന് ഹാൻസൻ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ഇത്തരം അതിരുവിട്ടതും പ്രകോപനപരവുമായ പ്രസ്താവനകൾ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

