കാൻബറ: നേപ്പാൾ–ചൈന അതിർത്തി മേഖലയിലുണ്ടായ വിനാശകരമായ പ്രളയത്തെത്തുടർന്ന് നേപ്പാളിനുള്ള സഹായവും രക്ഷാപ്രവർത്തനങ്ങളും ഊർജ്ജിതമാക്കി ഓസ്ട്രേലിയ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആന്റണി ആൽബനീസ് സർക്കാർ 30 ലക്ഷം (3 മില്യൺ) ഡോളറിന്റെ അധിക സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഇതോടെ ദുരന്തബാധിത മേഖലകൾക്കായി ഓസ്ട്രേലിയ നൽകിയ ആകെ മാനുഷിക സഹായം 80 ലക്ഷം (8 മില്യൺ) ഡോളറായി ഉയർന്നു.
അടിയന്തര ദുരിതാശ്വാസ സാമഗ്രികളും ഉപകരണങ്ങളും രക്ഷാപ്രവർത്തകരുമായി റോയൽ ഓസ്ട്രേലിയൻ എയർഫോഴ്സിന്റെ സി-17എ (C-17A) വിമാനം ഉടൻ നേപ്പാളിലേക്ക് തിരിക്കും. പ്രളയത്തിൽ റോഡുകളും പാലങ്ങളും തകർന്നതിനാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കുന്നത് അതീവ ദുഷ്കരമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹൈജീൻ കിറ്റുകൾ, സോളാർ ലൈറ്റിംഗ് ഉപകരണങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങളാണ് വിമാനമാർഗ്ഗം എത്തിക്കുന്നത്.
പ്രളയക്കെടുതിയിൽ 42 ഓസ്ട്രേലിയൻ പൗരന്മാരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. ഇവരെ കണ്ടെത്താനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി ക്രൈസിസ് റെസ്പോൺസ്, കോൺസുലാർ, ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് (AFP) എന്നിവരടങ്ങുന്ന 12 അംഗ സംഘം നിലവിൽ കാഠ്മണ്ഡുവിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്

