കൊച്ചി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിനും ദീർഘകാലം നിലനിൽക്കാത്ത തെർമൽ ബിൽ നൽകിയതിനും പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ കല്യാൺ സിൽക്സിന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി 31,500 രൂപ പിഴ ചുമത്തി. കൊച്ചി ഇടപ്പള്ളി സ്വദേശി നൽകിയ പരാതിയിലാണ് ഉത്തരവ്. വൻ വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളെ ആകർഷിച്ച ശേഷം നിബന്ധനകളുടെ പേരിൽ ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് അധാർമ്മിക വ്യാപാര രീതിയും സേവനത്തിലെ വീഴ്ചയുമാണെന്ന് കോടതി വിലയിരുത്തി.
3,000 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുമ്പോൾ 1,500 രൂപയുടെ ഷോപ്പിംഗ് ആനുകൂല്യം ലഭിക്കുമെന്ന പത്രപരസ്യം കണ്ടാണ് പരാതിക്കാരൻ സ്ഥാപനത്തിൽ എത്തിയത്. എന്നാൽ, 4,055 രൂപയ്ക്ക് വസ്ത്രങ്ങൾ വാങ്ങിയപ്പോൾ 500 രൂപയുടെ മൂന്ന് കൂപ്പണുകളാണ് നൽകിയത്. അടുത്ത മാസങ്ങളിൽ കൂടുതൽ തുകയ്ക്ക് സാധനങ്ങൾ വാങ്ങിയാൽ മാത്രമേ ഇവ മാറാൻ സാധിക്കൂ എന്ന് പിന്നീട് സ്ഥാപനം വ്യക്തമാക്കുകയായിരുന്നു. ഈ നിബന്ധനകൾ പരസ്യത്തിൽ സാധാരണക്കാർക്ക് വായിക്കാൻ കഴിയാത്ത വിധം അതീവ ചെറിയ അക്ഷരങ്ങളിലാണ് നൽകിയിരുന്നതെന്നും, നൽകിയ പ്രിന്റഡ് ബില്ലിലെ അക്ഷരങ്ങൾ ഏതാനും മാസങ്ങൾക്കകം പൂർണ്ണമായി മാഞ്ഞുപോയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഓഫറുകളുടെ പ്രധാന നിബന്ധനകൾ വായിക്കാൻ കഴിയാത്തത്ര ചെറിയ അക്ഷരങ്ങളിൽ നൽകുന്നത് അന്യായമായ വ്യാപാര രീതിയാണെന്ന് (Unfair Trade Practice) ഡി. ബി. ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി. എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. ഗ്യാരണ്ടി, വാറന്റി, നികുതി ആവശ്യങ്ങൾ എന്നിവയ്ക്ക് വ്യക്തമായ തെളിവ് അനിവാര്യമായിരിക്കെ വേഗത്തിൽ മാഞ്ഞുപോകുന്ന തെർമൽ ബില്ലുകൾ നൽകുന്നത് സേവനത്തിലെ കടുത്ത വീഴ്ചയാണ്.
പരാതിക്കാരന് ലഭിക്കേണ്ടിയിരുന്ന 1,500 രൂപ, മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി 25,000 രൂപ, കോടതി ചെലവിലേക്ക് 5,000 രൂപ എന്നിങ്ങനെ ആകെ 31,500 രൂപ 45 ദിവസത്തിനകം കല്യാൺ സിൽക്സ് പരാതിക്കാരന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഭാവിയിൽ പരസ്യങ്ങൾ നൽകുമ്പോൾ ഓഫർ നിബന്ധനകൾ വ്യക്തമായി വായിക്കാൻ കഴിയുന്ന വലുപ്പത്തിൽ പ്രസിദ്ധീകരിക്കണമെന്നും ഉപഭോക്താക്കൾക്ക് മാഞ്ഞുപോകാത്ത ബില്ലുകൾ മാത്രം നൽകണമെന്നും കോടതി കർശന നിർദ്ദേശം നൽകി.

