മെൽബൺ: വിക്ടോറിയ സംസ്ഥാനത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഉപയോഗശൂന്യമായി കിടക്കുന്ന കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുത്ത് വീടുകൾ നിർമ്മിക്കാനുള്ള സർക്കാർ പദ്ധതി പുരോഗമിക്കുന്നു. ‘അൺലോക്കിംഗ് സ്ട്രാറ്റജിക് സൈറ്റ്സ് വിക്ടോറിയ’ (Unlocking Strategic Sites Victoria) പദ്ധതിയുടെ ഭാഗമായി 12 പുതിയ സ്ഥലങ്ങൾ കൂടി സർക്കാർ വിശദമായ പരിശോധനയ്ക്കായി തിരഞ്ഞെടുത്തു.
ഡെവലപ്‌മെന്റ് ഫെസിലിറ്റേഷൻ പ്രോഗ്രാമിന്റെ കീഴിൽ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം കിയാല, ഫ്രാങ്ക്സ്റ്റൺ, നുനാവാഡിങ്, ഓക്ൿലീ, ഡാൻഡെനോങ്, ബല്ലാററ്റ് ഉൾപ്പെടെയുള്ള 12 ഇടങ്ങളാണ് പ്ലാനിംഗ് മന്ത്രി സോണിയ കിൽക്കെന്നി പ്രഖ്യാപിച്ച പുതിയ പട്ടികയിലുള്ളത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 2,000-ത്തിലധികം വീടുകൾ നിർമ്മിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. പ്രാദേശിക കൗൺസിലുകളുടെ റീസോണിങ് നടപടി ക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യമെങ്കിലും, നിലവിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളെല്ലാം വിശദമായ പ്ലാനിംഗ് അസസ്മെന്റിനും പൊതുജന അഭിപ്രായ രൂപീകരണത്തിനും വിധേയമാക്കിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂ.
പദ്ധതി പ്രകാരം നിർമ്മിക്കുന്ന ഭവന സമുച്ചയങ്ങളിൽ കുറഞ്ഞത് 10 ശതമാനം വീടുകളെങ്കിലും ‘താങ്ങാനാവുന്ന ഭവന’ (Affordable Housing) വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. മുൻപ് ഏപ്രിലിൽ പ്രഖ്യാപിച്ച ഏഴ് സ്ഥലങ്ങളിലൂടെ 9,155 വീടുകളും 8,900 തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ ഭവന നിർമ്മാണ നയങ്ങളുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ശക്തമായ രാഷ്ട്രീയ വാദപ്രതിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്. ലിബറൽ പാർട്ടി അധികാരത്തിൽ വന്നാൽ മൂന്ന് ലക്ഷം ഭവന നിർമ്മാണ പദ്ധതികൾ റദ്ദാക്കുമെന്ന് ഭരണകക്ഷിയായ ലേബർ പാർട്ടി ആരോപിക്കുമ്പോൾ, പ്രാദേശിക കൗൺസിലുകൾക്ക് കൂടുതൽ അധികാരം നൽകുന്ന തങ്ങളുടെ നയത്തെ തെറ്റായി വ്യാഖ്യാനിക്കു കയാണെന്നാണ് പ്രതിപക്ഷത്തിന്റെ മറുപടി. നാഷണൽ ഹൗസിങ് സപ്ലൈ ആൻഡ് അഫോർഡ ബിലിറ്റി കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, നാഷണൽ ഹൗസിങ് അക്കോർഡ് ലക്ഷ്യത്തിന്റെ 32 ശതമാനം പൂർത്തിയാക്കി ഭവന നിർമ്മാണത്തിൽ വിക്ടോറിയ നിലവിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്.

