യൂണിവേഴ്സിറ്റി ബിരുദമില്ലെങ്കിലും ഉയർന്ന ശമ്പളം; ഓസ്‌ട്രേലിയയിൽ സ്കിൽഡ് തൊഴിൽ മേഖലകൾക്ക് വൻ നേട്ടമെന്ന് കണക്കുകൾ

സിഡ്നി: പരമ്പരാഗത യൂണിവേഴ്സിറ്റി ബിരുദങ്ങൾ ഇല്ലാതെ തന്നെ ഉയർന്ന വരുമാനം നേടാനാകുന്ന മുൻനിര തൊഴിലുകളുടെ വിവരങ്ങൾ പുറത്തുവിട്ട് പ്രമുഖ ജോബ് പോർട്ടലായ ‘സീക്ക്’ (SEEK). നൈപുണ്യമുള്ള സാങ്കേതിക തൊഴിലുകളാണ് (Skilled Trades) പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. ബിരുദമില്ലാത്തവർക്ക് പരമാവധി 1.67 ലക്ഷം ഡോളർ വരെ വാർഷിക ശമ്പളം ലഭിക്കുന്ന തൊഴിലുകൾ ഓസ്‌ട്രേലിയയിലുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഹെവി ഡീസൽ ഫിറ്റർ (1,67,210 ഡോളർ), ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യൻ (1,63,611 ഡോളർ), കൺസ്ട്രക്ഷൻ സൈറ്റ് മാനേജർ (1,51,099 ഡോളർ), ഹെൽത്ത്‌കെയർ ഫെസിലിറ്റീസ് മാനേജർ (1,51,099 ഡോളർ), ഫോർപേഴ്സൺ (1,43,807 ഡോളർ), മെയിന്റനൻസ് മാനേജർ (1,39,668 ഡോളർ), പേറോൾ മാനേജർ (1,38,439 ഡോളർ), ഇലക്ട്രീഷ്യൻ (1,37,966 ഡോളർ), എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ (1,34,305 ഡോളർ), മാർക്കറ്റിംഗ് മാനേജർ (1,15,973 ഡോളർ) എന്നിവയാണ് ഉയർന്ന ശമ്പളം നൽകുന്ന പ്രധാന മേഖലകൾ.

യൂണിവേഴ്സിറ്റി ഡിഗ്രി ആവശ്യമില്ലെങ്കിലും ഈ മേഖലകളിൽ മികച്ച വരുമാനം ലഭിക്കാൻ ശരിയായ പരിശീലനം അനിവാര്യമാണ്. അപ്രന്റീസ്ഷിപ്പുകൾ, ലൈസൻസുകൾ, സ്പെഷ്യലിസ്റ്റ് യോഗ്യതകൾ, അല്ലെങ്കിൽ വർഷങ്ങളുടെ പ്രായോഗിക പരിചയം എന്നിവ ഇത്തരം ജോലികൾക്ക് ആവശ്യമായി വരുന്നുണ്ട്. പല യൂണിവേഴ്സിറ്റി ബിരുദധാരികളേക്കാളും കൂടുതൽ വരുമാനം ഇത്തരം വിദഗ്ദ്ധ തൊഴിലാളികൾ നേടുന്ന സാഹചര്യത്തിൽ, സ്കൂൾ തലം മുതൽ തന്നെ വൊക്കേഷണൽ വിദ്യാഭ്യാസത്തിനും സാങ്കേതിക തൊഴിൽ പരിശീലനങ്ങൾക്കും ഓസ്‌ട്രേലിയ കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടോ എന്ന ചർച്ചകളും സജീവമാകുന്നുണ്ട്. വിജയത്തിലേക്കുള്ള ഒരേയൊരു വഴിയല്ല ബിരുദമെന്നും വിവിധ തൊഴിൽ സാധ്യതകൾ മുന്നിലുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *