മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പോളിൻ ഹാൻസന്റെ ‘വൺ നേഷൻ’ പാർട്ടി വോളണ്ടിയർക്ക് ബേസ്ബോൾ ബാറ്റ് കൊണ്ട് ക്രൂരമർദ്ദനം. ടോർക്വേയിലെ സ്വന്തം വീടിന് മുന്നിൽ വെച്ചാണ് 60 വയസ്സുകാരനായ വോളണ്ടിയർ ആക്രമിക്കപ്പെട്ടത്. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ ഇയാളെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 37 വയസ്സുകാരനായ ഒരാളെ വിക്ടോറിയ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന 14-കാരന് പോലീസ് താക്കീത് നൽകിയിട്ടുണ്ട്.
നവംബർ 28-ന് നടക്കാനിരിക്കുന്ന വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോളണ്ടിയറുടെ വീട്ടുപരിസരത്ത് സ്ഥാപിച്ചിരുന്ന തിരഞ്ഞെടുപ്പ് ബോർഡുകൾ അക്രമികൾ നശിപ്പിക്കാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇത് ചോദ്യം ചെയ്ത വോളണ്ടിയറെ അക്രമികൾ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ അരങ്ങേറിയ അക്രമത്തെ പ്രധാന രാഷ്ട്രീയ നേതാക്കൾ ശക്തമായി അപലപിച്ചു. “ഒരാളുടെ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ വോട്ടിലൂടെയാണ് മറുപടി നൽകേണ്ടത്, അല്ലാതെ കായികമായി ആക്രമിക്കുകയല്ല വേണ്ടത്” എന്ന് വൺ നേഷൻ വിക്ടോറിയൻ നേതാവ് വാറൻ പിക്കറിങ് പ്രതികരിച്ചു. ഡെപ്യൂട്ടി പ്രീമിയർ ബെൻ കരോളും മറ്റ് പ്രമുഖ നേതാക്കളും അക്രമത്തിനെതിരെ രംഗത്തെത്തുകയും ജനാധിപത്യ പ്രക്രിയയിൽ ഇത്തരം അക്രമങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

