സിഡ്നി: അന്താരാഷ്ട്ര ഭീകരസംഘടനയായ ഐസിസ് (ISIS) ആശയങ്ങളിൽ ആകൃഷ്ടനായി പ്രശസ്തമായ സിഡ്‌നി ഓപ്പറ ഹൗസിലും സിഡ്‌നി മാരത്തണിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട പതിനാലുകാരൻ കോടതിയിൽ കുറ്റസമ്മതം നടത്തി.
സോഷ്യൽ മീഡിയയിലൂടെ തീവ്രവാദ ഉള്ളടക്കങ്ങൾ നിരന്തരം കണ്ടാണ് കൗമാരക്കാരൻ ഈ ആശയങ്ങളിലേക്ക് എത്തിയത്. തുടർന്ന് ആക്രമണം നടത്തേണ്ട ലക്ഷ്യങ്ങളെക്കുറിച്ചും വിവിധ രീതികളെക്കുറിച്ചും ഇയാൾ ഓൺലൈൻ വഴി വിശദമായി വിവരങ്ങൾ ശേഖരിച്ചിരുന്നതായി കോടതി വ്യക്തമാക്കി. എന്നാൽ ആക്രമണത്തിനായി ബോംബ് നിർമ്മിക്കുന്നതിനുള്ള സ്ഫോടക വസ്തുക്കളോ മറ്റ് സാമഗ്രികളോ ശേഖരിക്കാൻ ഇയാൾ ശ്രമിച്ചിരുന്നില്ലെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കേസിൽ പ്രതിയായ കൗമാരക്കാരനുള്ള ശിക്ഷ കോടതി അടുത്ത മാസം പ്രഖ്യാപിക്കും

