യുഎസ്–ഇറാൻ സംഘർഷം രൂക്ഷം; തെക്കൻ ഇറാനിൽ യുഎസ് ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു

ടെഹ്റാൻ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. ഇറാന്റെ തെക്കൻ തീരമേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റും പ്രാദേശിക അധികൃതരും അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. സിറിക് കൗണ്ടിയിലെ കുഹെസ്തക്കിൽ വിവാഹച്ചടങ്ങ് നടന്നുകൊണ്ടിരുന്ന ഒരു വീടിന് സമീപം യുഎസ് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്നാണ് ആളപായമുണ്ടായതെന്നാണ് ഇറാനിയൻ അധികൃതരുടെ വിശദീകരണം. 50ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഇറാന്റെ തെക്കൻ തീരത്തുള്ള ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സിന്റെ (IRGC) കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്കെതിരായ ഇറാന്റെ സമീപകാല ആക്രമണശ്രമങ്ങളും മേഖലയിലുള്ള യുഎസ് സൈനികർക്കെതിരായ ആക്രമണശ്രമങ്ങളുമാണ് നടപടിക്ക് കാരണമെന്ന് യുഎസ് വ്യക്തമാക്കി.

തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ്, സിറിക്, ഖഷ്മ് ദ്വീപ്, ജാസ്ക്, ലാവൻ, ജിറോഫ്റ്റ് തുടങ്ങിയ മേഖലകളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിക് മേഖലയിലെ വിവാഹച്ചടങ്ങ് നടന്നിരുന്ന വീടാണ് ആക്രമണത്തിൽ തകർന്നതെന്ന് ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു. എന്നാൽ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന ആരോപണം യുഎസ് നിഷേധിച്ചു.

യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിയും ആരംഭിച്ചു. ജോർദാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് താൽപര്യകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച 13 ബാലിസ്റ്റിക് മിസൈലുകളിൽ 10 എണ്ണം തങ്ങളുടെ സൈന്യം തടഞ്ഞതായി ജോർദാൻ അറിയിച്ചു.

സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സാധ്യതയാണ് പുതിയ ആക്രമണങ്ങൾ ഉയർത്തുന്നത്. ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതവുമായി ബന്ധപ്പെട്ട സംഘർഷം ആഗോള എണ്ണവിതരണത്തെയും ബാധിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. യുഎസ് ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *