നീറ്റ് പ്രതിഷേധം: വിദ്യാർഥികൾക്കെതിരായ എഫ്ഐആറുകൾ റദ്ദാക്കി സുപ്രീം കോടതി

പ ന്യൂഡൽഹി: NEET-UG പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ജൂലൈ 20 മുതൽ 25 വരെ രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ സുപ്രീം കോടതി റദ്ദാക്കി. ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

കേന്ദ്രം, ഡൽഹി പൊലീസ്, ബിഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, അസം സർക്കാരുകൾ നൽകിയ ഹർജികളിൽ ഉൾപ്പെട്ട എഫ്ഐആറുകൾ റദ്ദാക്കിയതിന് പുറമെ, ഇതേ കാലയളവിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ രജിസ്റ്റർ ചെയ്ത കേസുകളും ഇനി അന്വേഷിക്കുകയോ പിന്തുടരുകയോ ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. ജൂലൈ 20 മുതൽ 25 വരെയുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ളതായി പൊലീസ് കണ്ടെത്തിയ 2,873 പേർക്കെതിരായ നടപടി തുടരാൻ കോടതി ഡൽഹി പൊലീസിന് അനുമതി നൽകി. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ ഇവർ പങ്കെടുത്തിരുന്നുവെന്നും, പ്രതിഷേധത്തിനിടെ ശാരീരിക അതിക്രമങ്ങളിലോ പൊതുമുതൽ നശിപ്പിക്കലിലോ ഇവർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നുമാണ് പൊലീസ് നിലപാട്.

NEET-UG 2026 പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി രാജ്യവ്യാപക നയം രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ മൂന്ന് മാസം സമയം അനുവദിച്ചു.

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി CJP സഹ കൺവീനർ സൗരവ് ദാസ് കോടതിയെ അറിയിച്ചു. വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുക, ഭാവിയിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കുക, NEET വിവാദത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നിവയായിരുന്നു സംഘടനയുടെ പ്രധാന ആവശ്യങ്ങളിൽ ഉൾപ്പെട്ടിരുന്നത്.

ജൂൺ 20ന് ജന്തർ മന്തറിൽ ആരംഭിച്ച CJP നേതൃത്വത്തിലുള്ള വിദ്യാർഥി സമരം പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ജൂലൈ 25ന് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനെ തുടർന്ന് സമരം പിൻവലിച്ചിരുന്നു. പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടികളെക്കുറിച്ച് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ അന്വേഷണം തുടരുകയാണ്.

കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് കേസിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചുള്ളതാണെന്നും ഭാവിയിലെ കേസുകളിൽ പൊതുവായ മുൻനിദർശനമായി കണക്കാക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *