യുദ്ധങ്ങൾക്ക് എത്രയും വേഗം അറുതിവരുത്തണം; സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുന്നു: മോദി

ന്യൂഡൽഹി: യുക്രൈൻ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ സംഘർഷങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യയും ബെൽജിയവും പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

നിയമവാഴ്ച, സംഭാഷണം, നയതന്ത്രം എന്നിവയിൽ ഇന്ത്യയ്ക്കും ബെൽജിയത്തിനും ഒരേ നിലപാടാണെന്ന് മോദി പറഞ്ഞു. യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾക്ക് നേരത്തേ പരിഹാരം കാണാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള എല്ലാ ശ്രമങ്ങൾക്കും ഇരുരാജ്യങ്ങളും പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും ഇല്ലാതാക്കുന്നതിൽ ഇന്ത്യയും ബെൽജിയവും പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. പ്രാദേശികവും ആഗോളവുമായ വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു.

അതേസമയം, പ്രതിരോധം, വ്യാപാരം, നിക്ഷേപം, നിർണായക ധാതുക്കൾ, സെമികണ്ടക്ടർ സാങ്കേതികവിദ്യ, ശുദ്ധ ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറിന്റെ സെപ്റ്റംബർ 2 മുതൽ 4 വരെയുള്ള ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *