ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഭരണകൂടത്തിനുമെതിരെ പരിഹാസവും രൂക്ഷവിമർശനവുമായി ഇറാൻ. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ തിരിച്ചടിക്കു പിന്നാലെയാണ് ഇറാന്റെ നയതന്ത്ര കേന്ദ്രങ്ങളും ഭരണനേതാക്കളും ട്രംപിനെ പരിഹസിച്ച് രംഗത്തെത്തിയത്.
ഇന്ത്യയിലെ ഇറാൻ എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ച നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് തയാറാക്കിയ വിഡിയോയാണ് ശ്രദ്ധ നേടിയത്. വിഡിയോയിൽ ട്രംപിനോട് സാമ്യമുള്ള ഒരാളെ നാലുപേർ ചേർന്ന് വൈറ്റ് ഹൗസിന് സമാനമായ കെട്ടിടത്തിൽനിന്ന് എടുത്തുകൊണ്ടുപോയി ‘ഹസാർഡസ് വേസ്റ്റ്’ (അപകടകരമായ മാലിന്യം) എന്നെഴുതിയ ചവറ്റുകുട്ടയിലേക്ക് തള്ളുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്’ എന്ന അടിക്കുറിപ്പോടെയാണ് നവംബർ നാലിന് വിഡിയോ പങ്കുവച്ചത്.
ഇന്ത്യയിലെ ഇറാൻ കോൺസുലേറ്റും ട്രംപിനെ പരിഹസിക്കുന്ന വിഡിയോ പങ്കുവച്ചു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (MAGA) എന്നെഴുതിയ ചുവന്ന തൊപ്പി ടോയ്‌ലറ്റിൽ ഒഴുക്കിക്കളയുന്നതാണ് വിഡിയോയിൽ. ‘ട്രംപിന്റെ സമയം അവസാനിച്ചു, ഒഴുക്കിക്കളഞ്ഞു’ എന്നായിരുന്നു അടിക്കുറിപ്പ്.
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം നേടിയതിനെ ഇറാൻ ഭരണനേതൃത്വം ട്രംപിന്റെ നയങ്ങൾക്കെതിരായ ജനവിധിയായാണ് വിശേഷിപ്പിച്ചത്. യുദ്ധത്തോടുള്ള എതിർപ്പും ജീവിതച്ചെലവിലെ വർധനയും അമേരിക്കൻ വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിച്ചെന്നാണ് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പ്രതികരിച്ചത്. അമേരിക്കൻ ജനത യുദ്ധത്തോട് ‘നോ’ പറഞ്ഞുവെന്നും അവരുടെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയും അമേരിക്കൻ നിലപാടുകളെ വിമർശിച്ചു. അമേരിക്കയിൽ അധികാരത്തിലിരിക്കുന്ന പാർട്ടി ഏതായാലും ഇറാനോടുള്ള ശത്രുതയിൽ മാറ്റമുണ്ടാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അമേരിക്കയുടെ ആഗോള ആധിപത്യം അവസാനിക്കുന്ന കാലം അടുത്താണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പേരിൽ ട്രംപ് ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിച്ചേക്കാമെന്ന ആശങ്കയും ഇറാനിലുണ്ട്. ഇറാൻ നേതാക്കൾ ജാഗ്രത തുടരുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇസ്രയേലും ഫെബ്രുവരി 28ന് ആരംഭിച്ച സൈനിക നടപടിക്കുശേഷം പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സവും ഇന്ധനവില വർധനയും സംഘർഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.
അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തെ ഇറാൻ സ്വന്തം നിലപാടുകൾക്ക് അനുകൂലമായ രാഷ്ട്രീയ സന്ദേശമായി അവതരിപ്പിക്കുമ്പോഴും, വോട്ടർമാരുടെ തീരുമാനത്തിന് യുദ്ധവിരുദ്ധ വികാരം മാത്രമല്ല, പണപ്പെരുപ്പവും ജീവിതച്ചെലവും ഉൾപ്പെടെയുള്ള ഘടകങ്ങളും കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

