ലോസ് ആഞ്ചലസ്: അമേരിക്കൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് ചരിത്രവിജയം സ്വന്തമാക്കി മലയാളി വംശജയായ നിത്യാ രാമൻ ലോസ് ആഞ്ചലസ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ മേയറും മുതിർന്ന നേതാവുമായ കരെയ്ൻ ബാസിനെ 26,124 വോട്ടുകൾക്ക് അട്ടിമറിച്ചാണ് നിത്യ ഈ ഉജ്ജ്വല വിജയം നേടിയെടുത്തത്. ഇതോടെ മഹാനഗരമായ ലോസ് ആഞ്ചലസിന്റെ അമരത്തെത്തുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ മേയറും കുടിയേറ്റ വനിതാ നേതാവുമായി നിത്യാ രാമൻ മാറി. 2028-ൽ ഒളിമ്പിക്സ് മാമാങ്കത്തിന് ലോസ് ആഞ്ചലസ് ആതിഥേയത്വം വഹിക്കുമ്പോൾ നഗരത്തിന്റെ സാരഥ്യം വഹിക്കാൻ ഒരു മലയാളി വനിതയുണ്ടാകുമെന്നത് ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇരട്ടി അഭിമാനമാണ് പകരുന്നത്.
തൃശ്ശൂർ സ്വദേശിയായ സുധയുടെയും തിരുവനന്തപുരം സ്വദേശിയായ വെങ്കിട്ടരാമന്റെയും മകളായി 1981-ൽ കേരളത്തിലാണ് നിത്യ ജനിച്ചത്. തിരുവനന്തപുരം നഗരത്തിലെ കോട്ടയ്ക്കകത്ത് രാമസ്വാമി കോവിൽ തെരുവിലായിരുന്നു ഇവരുടെ കുടുംബം താമസിച്ചിരുന്നത്. ഇവരുടെ മുത്തശ്ശൻ കെ. രാമയ്യർ പോസ്റ്റ്മാസ്റ്ററായിരുന്നു. ആറാം വയസ്സിൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയെങ്കിലും ഇവർ കേരളവുമായുള്ള ആത്മബന്ധം എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു.
ഹാർവാർഡ് സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും, ലോകപ്രശസ്തമായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് നഗരാസൂത്രണത്തിൽ ബിരുദാനന്തര ബിരുദവും നിത്യ സ്വന്തമാക്കി. ചെന്നൈയിൽ ഭരതനാട്യം അഭ്യസിച്ചിട്ടുള്ള നിത്യ, തമിഴ് ഭാഷയും നന്നായി കൈകാര്യം ചെയ്യും. ‘ട്രാൻസ്പരന്റ് ചെന്നൈ’ എന്ന സംരംഭത്തിലൂടെ ചെന്നൈയിലെ ചേരിപ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങളിലും അവർ പങ്കാളിയായിട്ടുണ്ട്.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ പ്രതിനിധിയായി മത്സരിച്ച നിത്യയുടെ വിജയം യു.എസ് പുരോഗമന രാഷ്ട്രീയത്തിന്റെ വലിയൊരു മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ലോസ് ആഞ്ചലസ് നഗരത്തിലെ ഭവനരഹിതരുടെ പുനരധിവാസം, കുതിച്ചുയരുന്ന ജീവിതച്ചെലവ്, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ എന്നിവ മുൻനിർത്തി നടത്തിയ ശക്തമായ പ്രചാരണമാണ് യുവ വോട്ടർമാർക്കിടയിൽ നിത്യയ്ക്ക് വലിയ പിന്തുണ നേടിക്കൊടുത്തത്. വരാനിരിക്കുന്ന 2028 ഒളിമ്പിക്സിന്റെ പ്രധാന ചുമതലകളും ഒരുക്കങ്ങളും ഇനി ഈ മലയാളി വനിതയുടെ നേതൃത്വത്തിലായിരിക്കും മുന്നോട്ട് നീങ്ങുക.

