തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകളിൽ പോപ്കോൺ ഉൾപ്പെടെയുള്ള ലഘുഭക്ഷണങ്ങൾക്ക് അമിതവില ഈടാക്കുന്നെന്ന പരാതികളിൽ നേരിട്ട് ഇടപെടുന്നതിന് സർക്കാരിന് സാങ്കേതികമായി പരിമിതികളുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. പായ്ക്കറ്റുകളില്ലാതെ തുറന്നുവെച്ചാണ് പോപ്കോൺ വിൽക്കുന്നത് എന്നതിനാൽ തൂക്കവും എം.ആർ.പിയും നിർബന്ധമാക്കാൻ നിലവിൽ തടസ്സങ്ങളുണ്ട്.
തിയറ്ററുകളിൽ വിലവിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതിൽ രേഖപ്പെടുത്തിയ തുകയിലാണോ വിൽപന നടത്തുന്നതെന്നും മാത്രമാണ് ഇപ്പോൾ ഭക്ഷ്യവകുപ്പിന് നിയമപരമായി പരിശോധിക്കാൻ കഴിയുന്നത്. പട്ടികയിൽ രേഖപ്പെടുത്തിയതിലും ഉയർന്ന നിരക്ക് ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കും. കൂടാതെ പായ്ക്ക് ചെയ്ത മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളിൽ എം.ആർ.പി കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തിയറ്ററുകളിൽ കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നതും പുറത്തുനിന്നുള്ള ശുദ്ധജലം കൊണ്ടുവരാൻ അനുവദിക്കാത്തതും അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് അദ്ദേഹം അറിയിച്ചു. പുറത്തുനിന്നുള്ള വെള്ളം തിയറ്ററുകളിൽ വിലക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ നഗ്നമായ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണ്. പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ കാരണം വീട്ടിൽനിന്നുള്ള വെള്ളം മാത്രം കുടിക്കേണ്ട ആളുകളുണ്ട്. അവർക്ക് പോലും വെള്ളം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പരീക്ഷാ ഹാളുകളിലും വിമാനത്താവളങ്ങളിൽ പോലും കുടിവെള്ളം അനുവദിക്കാറുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
തിയറ്ററുകളിലേക്ക് കുടിവെള്ളം കൊണ്ടുവരാൻ അനുവദിക്കണമെന്നും കുപ്പിവെള്ളത്തിന് കൂടിയ വില ഈടാക്കുന്ന പ്രവണത ഉടൻ അവസാനിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

