ഭോപ്പാൽ: മുതിർന്ന ഉദ്യോഗസ്ഥനുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ 27 വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സേനയിൽ തിരിച്ചെത്തി. മധ്യപ്രദേശിലെ മോറെന സ്വദേശിയായ 54-കാരൻ ഗിർവാർ സിംഗ് തോമറാണ് നീതിക്കായുള്ള പോരാട്ടം വിജയിച്ച് ഛത്തീസ്ഗഢിലെ ബിജാപ്പൂരിലുള്ള 85-ാം ബറ്റാലിയനിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചത്.
1991-ൽ സേനയിൽ ചേർന്ന ഗിർവാറിനെ, തന്റെ സൈക്കിൾ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ വാഹനത്തിൽ തട്ടി എന്നാരോപിച്ച് 1999 ഒക്ടോബറിലാണ് സർവീസിൽ നിന്ന് പുറത്താക്കിയത്. എന്നാൽ ആരോപണം വ്യാജമാണെന്ന് കാണിച്ച് അദ്ദേഹം വകുപ്പുതല അന്വേഷണത്തെയും തുടർനടപടികളെയും നിയമപരമായി ചോദ്യം ചെയ്യുകയായിരുന്നു.
ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ ഗിർവാർ 2001-ഓടെ നിർമോഹി അഖാഡയിൽ ചേരുകയും ബാബ ഗിർവാർ ദാസ് എന്ന പേരിൽ സന്യാസ ജീവിതം ആരംഭിക്കുകയും ചെയ്തു. നീണ്ട രണ്ട് പതിറ്റാണ്ടോളം ക്ഷേത്രകാര്യങ്ങളിലും പ്രാർത്ഥനകളിലും മുഴുകി ജീവിക്കുമ്പോഴും തന്റെ യൂണിഫോം തിരികെ ലഭിക്കാനായി അദ്ദേഹം അലഹാബാദ് ഹൈക്കോടതിയിൽ നിയമപോരാട്ടം തുടർന്നു. സന്യാസിയായി തുടരുമ്പോഴും ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും അദ്ദേഹം നിറവേറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ ഒരു മകൻ നിലവിൽ ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
2007-ൽ സിംഗിൾ ബെഞ്ചിൽ നിന്ന് അനുകൂല വിധി ഉണ്ടായെങ്കിലും സർക്കാർ അപ്പീൽ നൽകിയതിനെ തുടർന്ന് കേസ് വർഷങ്ങളോളം നീണ്ടുപോയി. ഒടുവിൽ ഡിവിഷൻ ബെഞ്ച് മുൻ ഉത്തരവ് ശരിവെക്കുകയും അദ്ദേഹത്തെ ഉടൻ തിരിച്ചെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തതോടെയാണ് നീണ്ട കാത്തിരിപ്പിന് വിരാമമായത്. തുടർന്ന് ഓഗസ്റ്റ് അവസാനത്തോടെ റിപ്പോർട്ട് ചെയ്ത ഗിർവാർ, നീണ്ട മുടിയും താടിയും മുറിച്ച് കാവി വസ്ത്രങ്ങൾ മാറി പുതിയ സി.ആർ.പി.എഫ് യൂണിഫോമിൽ വീണ്ടും ചുമതലയേറ്റു. തനിക്ക് അർഹമായ പ്രൊമോഷനുകൾക്കും മറ്റ് ആനുകൂല്യങ്ങൾക്കുമായി തുടർന്നും നിയമപരമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

