രാജ്യസുരക്ഷയ്ക്ക് ‘ആകാശത്തിലെ കണ്ണ്’; EOS-05 വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ ആധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-05ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായി. രാജ്യസുരക്ഷ, ദുരന്തനിവാരണം, കാർഷിക മേഖല തുടങ്ങിയ നിർണായക മേഖലകൾക്ക് ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ പ്രയോജനപ്പെടും. ദൗത്യത്തിൽ പങ്കാളിയായ മുതിർന്ന ശാസ്ത്രജ്ഞരിലൊരാൾ ഉപഗ്രഹത്തെ ‘ആകാശത്തിലെ കണ്ണ്’ എന്നാണ് വിശേഷിപ്പിച്ചത്.

ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിലാണ് EOS-05 സ്ഥാപിക്കുക. ഭൂമിയുടെ ഭ്രമണവുമായി ഏകദേശം തുല്യമായ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ തത്സമയ ചിത്രങ്ങളും വിവരങ്ങളും ലഭ്യമാക്കാൻ ഉപഗ്രഹത്തിന് സാധിക്കുമെന്നാണ് റിപ്പോർട്ട്.

ദുരന്തസാഹചര്യങ്ങളിൽ വേഗത്തിലുള്ള മുന്നറിയിപ്പുകളും തത്സമയ വിവരശേഖരണവും നടത്താൻ ഉപഗ്രഹത്തിന്റെ നിരീക്ഷണശേഷി സഹായകമാകും. തന്ത്രപ്രധാന വിവരങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിലൂടെ പ്രതിരോധ മേഖലയ്ക്കും ഇത് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

അതേസമയം, കഴിഞ്ഞ ജനുവരിയിലെ PSLV-C62 ദൗത്യവും 2021ലെ EOS-03 (GSLV-F10) ദൗത്യവും സാങ്കേതിക തകരാറുകളെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. ഈ തിരിച്ചടികൾക്കുശേഷമുള്ള ISROയുടെ ശ്രദ്ധേയമായ തിരിച്ചുവരവായാണ് EOS-05 ദൗത്യത്തിന്റെ വിജയം വിലയിരുത്തപ്പെടുന്നത്. മിഷൻ ഡയറക്ടർ തോമസ് കുര്യന്റെയും പ്രോജക്ട് ഡയറക്ടർ ഇംതിയാസ് അഹമ്മദിന്റെയും നേതൃത്വത്തിലാണ് ദൗത്യം പൂർത്തിയാക്കിയത്.

അടുത്ത ഘട്ടത്തിൽ ഉപഗ്രഹത്തെ അന്തിമ ഭ്രമണപഥത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *