ന്യൂഡൽഹി: കാണാൻ കൊതിയാകുന്നുവെന്ന മകളുടെ ഒറ്റ സന്ദേശം കണ്ട് പതിനാല് മണിക്കൂർ ദൂരം യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തിയ അച്ഛന്റെ സ്നേഹം സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നു. അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് തലേദിവസം രാത്രി മകൾ അയച്ച മെസ്സേജ് കണ്ടയുടൻ, തന്റെ തിരക്കുകളെല്ലാം മാറ്റിവെച്ച് അടുത്ത ദിവസം രാവിലെ തന്നെ ആ പിതാവ് മകളുടെ വാതിൽപ്പടിയിലെത്തുകയായിരുന്നു.
സ്വന്തം ഇൻസ്റ്റാഗ്രാം പേജിലൂടെ യുവതി തന്നെയാണ് ഹൃദയസ്പർശിയായ ഈ അനുഭവം പങ്കുവെച്ചത്. രാവിലെ വാതിൽ തുറന്നപ്പോൾ തോളിലൊരു ബാഗുമായി മുന്നിൽ നിൽക്കുന്ന അച്ഛനെ കണ്ട് താൻ ശരിക്കും അമ്പരന്നുപോയെന്ന് അവർ കുറിച്ചു. മകൾക്കൊപ്പം വെറും എട്ട് മണിക്കൂർ ചെലവഴിക്കാനായി മാത്രമാണ് അദ്ദേഹം 14 മണിക്കൂർ നീണ്ട യാത്ര നടത്തിയത്. ഓഫീസിലെ തിരക്കിട്ട ഫോൺ കോളുകൾ കൈകാര്യം ചെയ്യുന്നതിനിടയിലും മകൾക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങൾ വാങ്ങി നൽകുകയും പാത്രങ്ങൾ കഴുകി വെക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. പോകുന്നതിന് മുൻപ് എപ്പോഴും സന്തോഷമായിരിക്കണമെന്നും താൻ ഒപ്പമുണ്ടെന്നും ഓർമ്മിപ്പിക്കാനും ആ പിതാവ് മറന്നില്ല.
ചോദിക്കാതെ തന്നെ മക്കൾക്കായി ഒരുപാട് ചെറിയ കാര്യങ്ങൾ ചെയ്തുതീർക്കുന്നതാണ് മാതാപിതാക്കളുടെ സ്നേഹമെന്നും, നമ്മൾ ഒരിക്കലും തനിച്ചല്ലെന്ന് ഓർമ്മിപ്പിക്കാൻ വാക്കുകൾക്ക് പകരം അവർ ഒപ്പം വന്നുനിൽക്കുകയാണ് ചെയ്യാറുള്ളതെന്നും യുവതി വികാരാധീനയായി കുറിച്ചു. മാതാപിതാക്കളുടെ നിസ്വാർത്ഥമായ സ്നേഹം പ്രതിഫലിപ്പിക്കുന്ന ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായി മാറിക്കഴിഞ്ഞു.

