ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം; വിമാന സർവീസുകൾക്ക് വ്യാപക നിയന്ത്രണം

ജക്കാർത്ത: ഇന്തോനേഷ്യയിലെ അനക് ക്രകറ്റോവ അഗ്നിപർവതം സജീവമായതിനെ തുടർന്ന് രാജ്യത്തെ വിമാന സർവീസുകൾക്ക് വ്യാപക നിയന്ത്രണം. അഗ്നിപർവതത്തിൽനിന്നുള്ള ചാരം വ്യോമമേഖലയിൽ വ്യാപിച്ചതോടെ ജക്കാർത്ത ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു.

വെള്ളിയാഴ്ച രാത്രി മുതൽ അഗ്നിപർവതം സജീവമായിരുന്നു. ഞായറാഴ്ച പുലർച്ചെ 3.53ന് ഏകദേശം 30 സെക്കൻഡ് നീണ്ട സ്ഫോടനവും തുടർന്ന് മൂന്ന് മണിക്കൂറിനുള്ളിൽ 16 സെക്കൻഡ് നീണ്ട മറ്റൊരു സ്ഫോടനവും ഉണ്ടായതായി ഇന്തോനേഷ്യൻ ജിയോളജിക്കൽ ഏജൻസി അറിയിച്ചു. അഗ്നിപർവത ചാരം ഏകദേശം 15,000 മീറ്റർ വരെ ഉയർന്നതായി റിപ്പോർട്ടുണ്ട്.

ജക്കാർത്തയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സോക്കർണോ-ഹട്ട ഉൾപ്പെടെ എട്ട് വിമാനത്താവളങ്ങളുടെ പ്രവർത്തനമാണ് താൽക്കാലികമായി നിർത്തിവച്ചത്. ഞായറാഴ്ചയോടെ 1,500ലേറെ വിമാന സർവീസുകളെ തടസ്സം ബാധിക്കുകയും ഏകദേശം 1.70 ലക്ഷം യാത്രക്കാർക്ക് യാത്രാ തടസ്സം നേരിടുകയും ചെയ്തതായി ഗതാഗത മന്ത്രാലയം അറിയിച്ചു.

അഗ്നിപർവത ചാരം വിമാനത്തിന്റെ എൻജിനുകളെയും മറ്റ് സംവിധാനങ്ങളെയും ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിമാന സർവീസുകൾ നിർത്തിവച്ചത്. സിംഗപ്പൂർ എയർലൈൻസ്, മലേഷ്യ എയർലൈൻസ്, എയർഏഷ്യ, ലയൺ എയർ ഗ്രൂപ്പ് തുടങ്ങിയ വിമാനക്കമ്പനികൾ ജക്കാർത്തയിലേക്കും തിരിച്ചുമുള്ള സർവീസുകളിൽ മാറ്റം വരുത്തുകയോ റദ്ദാക്കുകയോ ചെയ്തു.

തുടർച്ചയായ സ്ഫോടനത്തെ തുടർന്ന് പ്രദേശങ്ങളിൽ ചാരപ്പടലവും അനുഭവപ്പെട്ടു. ചില മേഖലകളിലെ സ്കൂളുകളുടെ പ്രവർത്തനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. അഗ്നിപർവതത്തിന് സമീപം മൂന്ന് കിലോമീറ്റർ പരിധിയിൽ പ്രവേശിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ ആളപായമോ ഒഴിപ്പിക്കൽ ഉത്തരവോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അനക് ക്രകറ്റോവ ജാവയ്ക്കും സുമാത്രയ്ക്കുമിടയിലുള്ള സുന്ദ കടലിടുക്കിലാണ് സ്ഥിതി ചെയ്യുന്നത്. അഗ്നിപർവതത്തിന്റെ പ്രവർത്തനം അധികൃതർ നിരീക്ഷിച്ചുവരികയാണ്. കൂടുതൽ സ്ഫോടനങ്ങൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വ്യോമഗതാഗത നിയന്ത്രണങ്ങളും തുടർന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *