സുനാമി മുന്നൊരുക്കം;കരുംകുളത്ത് മോക്ഡ്രിൽ സംഘടിപ്പിച്ചു

തിരുവനന്തപുരം: തീരദേശ മേഖലകളിൽ സുനാമി ദുരന്തനിവാരണ പ്രവർത്തനങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കരുംകുളത്ത് സുനാമി മോക്ഡ്രിൽ സംഘടിപ്പിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കരുംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി ‘സുനാമി റെഡി പ്രോഗ്രാം’ പദ്ധതിയുടെ ഭാഗമായാണ് മോക്ഡ്രിൽ നടത്തിയത്. കരുംകുളം ഗ്രാമപഞ്ചായത്തിലെ കിളിത്തട്ട്, പുതിയതുറ വാർഡുകളിലായി ശനിയാഴ്ച രാവിലെ 8.30-ഓടെ ആരംഭിച്ച മോക്ഡ്രില്ലിന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അതുൽ എസ്. നാഥ് നേതൃത്വം നൽകി.

രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിശീലന പരിപാടികൾ രാവിലെ 10.30-ഓടെയാണ് പൂർത്തിയായത്. തുടർന്ന് മോക്ഡ്രില്ലിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായുള്ള ഡീ-ബ്രീഫിങ് യോഗം കരുംകുളം ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ ചേർന്നു. ജനപ്രതിനിധികളും മോക്ഡ്രില്ലിൽ പങ്കാളികളായ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പം വിൻസന്റ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നെയ്യാറ്റിൻകര തഹസീൽദാർ സജി ആർ.എസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് ദേവിക ബി.എസ് എന്നിവരും റവന്യൂ, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, മോട്ടോർ വെഹിക്കിൾ, ഫിഷറീസ്, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കോസ്റ്റൽ പോലീസ് പ്രതിനിധികളും സിവിൽ ഡിഫൻസ്, ആപ്ത മിത്ര സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന വിപുലമായ സംഘമാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *