മെൽബൺ: ഭർത്താവിനെതിരെയുള്ള മദ്യപിച്ച് വാഹനം ഓടിച്ച കേസ് ചൂണ്ടിക്കാട്ടി ഇന്ത്യൻ വംശജയായ യുവതിയുടെ ഓസ്ട്രേലിയൻ പെർമനന്റ് റെസിഡൻസി അപേക്ഷ ഇമിഗ്രേഷൻ ട്രിബ്യൂണൽ തള്ളി. ഓസ്ട്രേലിയൻ കുടിയേറ്റ നിയമത്തിലെ കർശനമായ ‘ക്യാരക്ടർ റിക്വയർമെന്റ്’ (സ്വഭാവ യോഗ്യത) പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്മിനിസ്ട്രേറ്റീവ് റിവ്യൂ ട്രിബ്യൂണലിന്റെ നിർണായക നടപടി.
2022-ലാണ് യുവതിയുടെ ഭർത്താവ് മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസിന്റെ പിടിയിലായതും തുടർന്ന് കോടതി ശിക്ഷിച്ചതും. നിയമപരമായി അനുവദനീയമായ പരിധിയുടെ ഇരട്ടിയിലധികം ആൽക്കഹോൾ അളവാണ് അന്ന് ഇയാളുടെ രക്തത്തിൽ കണ്ടെത്തിയിരുന്നത്. പ്രധാന അപേക്ഷകയ്ക്കൊപ്പം കുടുംബാംഗമായി ഉൾപ്പെടുത്തിയ വ്യക്തിക്ക് ക്രിമിനൽ പശ്ചാത്തലമോ സമാനമായ ഗുരുതര നിയമലംഘനങ്ങളോ ഉണ്ടെങ്കിൽ അത് അപേക്ഷയെ പൂർണ്ണമായി ബാധിക്കാമെന്ന ഓസ്ട്രേലിയൻ കുടിയേറ്റ നിയമത്തിലെ വ്യവസ്ഥയാണ് ഇവിടെ തിരിച്ചടിയായത്.
ഭർത്താവ് ചെയ്ത കുറ്റകൃത്യം വ്യക്തിപരമായ സുരക്ഷാ ലംഘനം മാത്രമല്ല, ഓസ്ട്രേലിയൻ സമൂഹത്തിന്റെ മൊത്തത്തിലുള്ള സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ട്രിബ്യൂണൽ വിസ അപേക്ഷ നിരസിച്ചത്. കുടിയേറ്റ നയങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി ക്രിമിനൽ കുറ്റകൃത്യങ്ങളെയും ഗതാഗത നിയമലംഘനങ്ങളെയും രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി

