ഓസ്‌ട്രേലിയയിൽ ശക്തമായ കൊടുങ്കാറ്റും പെരുമഴയും; ക്വീൻസ്‌ലൻഡിൽ പ്രളയക്കെടുതി രൂക്ഷം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഈ വാരാന്ത്യത്തിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ബ്യൂറോ ഓഫ് മീറ്റിയോറോളജി – BoM). നേരത്തെ തന്നെ കനത്ത മഴ ലഭിച്ച ക്വീൻസ്‌ലൻഡിന് പുറമെ സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് (NSW), ടാസ്മാനിയ എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ക്വീൻസ്‌ലൻഡിൽ ജനജീവിതം സ്തംഭിച്ചു

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന തോരാമഴയിൽ തെക്കുകിഴക്കൻ ക്വീൻസ്‌ലൻഡിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഒക്ടോബറിലെ ശരാശരി മഴയുടെ ഇരട്ടിയിലധികമാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവിടെ പെയ്തിറങ്ങിയത്. പലയിടങ്ങളിലും ഒരാഴ്ചയ്ക്കിടെ 400 മുതൽ 450 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തി. പ്രളയബാധിത മേഖലകളിലെ നിരവധി സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി നൽകി.

വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഫയർ ആൻഡ് എമർജൻസി വിഭാഗം വൻ രക്ഷാപ്രവർത്തനമാണ് നടത്തുന്നത്. കബൂൾച്ചറിൽ വെള്ളത്തിൽ മുങ്ങിയ വാഹനത്തിന് മുകളിൽ അഭയം തേടിയ വയോധികനെ രക്ഷാപ്രവർത്തകർ റബ്ബർ ഡിംഗി ബോട്ടിലെത്തി സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. തെക്കൻ ക്വീൻസ്‌ലൻഡിൽ നിലവിൽ ഒൻപതോളം പ്രളയ മുന്നറിയിപ്പുകൾ നിലവിലുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലേക്കും മഴ വ്യാപിക്കുന്നു

ഞായറാഴ്ചയോടെ കിഴക്കൻ ഓസ്‌ട്രേലിയയിലേക്ക് തണുത്ത കാറ്റും ന്യൂനമർദ്ദവും വ്യാപിക്കുന്നതോടെ സ്ഥിതി കൂടുതൽ വഷളായേക്കാം. സിഡ്‌നി, ബ്രിസ്‌ബേൻ, മെൽബണിന്റെ കിഴക്കൻ മേഖലകൾ, നോർത്ത്-ഈസ്റ്റേൺ വിക്ടോറിയ എന്നിവിടങ്ങളിൽ അതിശക്തമായ ഇടിമിന്നലും കാറ്റും പെരുമഴയും പ്രതീക്ഷിക്കുന്നുണ്ട്. ടാസ്മാനിയയിൽ ഞായറാഴ്ച രാവിലെ വരെ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *