ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഉൾപ്പെടെ നിരവധി രാഷ്ട്രീയ ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെന്ന ആരോപണത്തെ തുടർന്ന് ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെ സസ്പെൻഡ് ചെയ്തു.
ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ എസ്. ശ്യാം സുന്ദർ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
തൊടുപുഴ ക്രൈംബ്രാഞ്ച് വിഭാഗത്തിൽ ജോലി ചെയ്യുന്ന സജിത സലീം ഫെയ്സ്ബുക്കിലൂടെ പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ പങ്കുവെച്ചതായാണ് ആരോപണം. പൊലീസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട സാമൂഹികമാധ്യമ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ എറണാകുളം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ. പ്രസാദിനെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
നിലവിൽ സജിത സലീമിനെതിരെയുള്ളത് അച്ചടക്കനടപടിയുടെ ഭാഗമായി നൽകിയ സസ്പെൻഷനാണ്. സമൂഹമാധ്യമ പോസ്റ്റുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.

