ഇന്‍ഫോപാര്‍ക്ക് നാലാം ഘട്ടം വികസനം: നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി അനൂപ് ജേക്കബ്

കൊച്ചി: ഇന്‍ഫോപാര്‍ക്ക് നാലാം ഘട്ട വികസനത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്. പിറവം നിയോജക മണ്ഡലത്തിലെ ഇരുമ്പനത്തുള്ള ട്രാക്കോ കേബിള്‍ കമ്പനിയുടെ 33.5 ഏക്കര്‍ സ്ഥലം ഇന്‍ഫോപാര്‍ക്കിനായി മാറ്റിവെച്ചിരുന്നുവെങ്കിലും വിവിധ തടസങ്ങള്‍ കാരണം പദ്ധതി ഇനിയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.

ട്രാക്കോ കേബിളിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറി കെട്ടിടങ്ങള്‍, ഓഫീസ് സമുച്ചയങ്ങള്‍, മറ്റ് ആസ്തികള്‍ എന്നിവ ഇപ്പോഴും പ്രസ്തുത ഭൂമിയില്‍ നിലനില്‍ക്കുന്നതാണ് പദ്ധതി വൈകുന്നതിനുള്ള പ്രധാന തടസം. നാലാം ഘട്ട വികസനത്തിനായി നിര്‍ദ്ദിഷ്ട കമ്പനി ഡെവലപ്പര്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കുന്നതിന് മുന്നോടിയായി ഈ കെട്ടിടങ്ങളും അനുബന്ധ ആസ്തികളും പൂര്‍ണ്ണമായും നീക്കം ചെയ്യുകയും, ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുടെ ഭൗതിക കൈവശം കൈമാറുകയും ചെയ്യേണ്ടതുണ്ട്.

ഇതിനുപുറമെ, ഇന്‍ഫോപാര്‍ക്കിലേക്ക് കൈമാറുന്ന ഭൂമിക്ക് ബാധകമായ തീരദേശമേഖല നിയന്ത്രണങ്ങളില്‍ (സിആർസെഡ്) നിന്ന് ആവശ്യമായ ഇളവുകള്‍ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടില്ല. വികസിപ്പിക്കാവുന്ന പ്രദേശം കൃത്യമായി നിര്‍ണ്ണയിക്കുന്നതിനും മുന്നോട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിനും ഈ ഇളവുകള്‍ അത്യന്താപേക്ഷിതമാണ്. ഒപ്പം, നിര്‍ദ്ദിഷ്ട സഹ-ഡെവലപ്പര്‍ക്ക് ഭൂമി പാട്ടത്തിനു നല്‍കുമ്പോള്‍ ബാധകമാകുന്ന സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച വിഷയം നിലവില്‍ നികുതി വകുപ്പിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

അത്യാധുനിക ഐടി സമുച്ചയങ്ങള്‍, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഒരു മിക്‌സഡ് ടൗണ്‍ഷിപ്പ് മാതൃകയിലാണ് പദ്ധതിയുടെ നാലാം ഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമെന്ന നിലയില്‍ കൊച്ചിയുടെയും സമീപപ്രദേശങ്ങളുടേയും വികസനം കൂടുതല്‍ ശക്തിപ്പെടാന്‍ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *