പുകയില ഉത്പന്ന വിൽപനശാലയ്ക്ക് തീപിടിച്ചു, മുകൾനിലയിലുണ്ടായിരുന്ന അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു; സംശയാസ്പദമായ തീവെപ്പെന്ന് പോലീസ്

മെൽബൺ: പടിഞ്ഞാറൻ മെൽബണിലെ സൺഷൈനിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനത്തിന് (ടുബാക്കോ ഷോപ്പ്) നേരെ സംശയാസ്പദമായ രീതിയിൽ ഉണ്ടായ തീപിടിത്തത്തിൽ നിന്ന് മുകൾനിലയിലുണ്ടായിരുന്ന അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ 3.15 ഓടെയായിരുന്നു സംഭവം.

കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്ന് മുകൾനിലയിൽ കുടുങ്ങിയ അഞ്ചുപേരും വേഗത്തിൽ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തമുണ്ടായതിന് തൊട്ടുപിന്നാലെ ഒരു വെള്ള എസ്‌യുവി വാഹനം സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ ഓടിച്ചുപോകുന്നത് കണ്ടതായി വിവരമുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളോ ദൃശ്യങ്ങളോ ഉള്ളവർ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് പുകയില വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തുടർച്ചയായുണ്ടാകുന്ന തീവെപ്പുകളും അക്രമസംഭവങ്ങളും ജനങ്ങൾക്കും വ്യാപാരികൾക്കും വലിയ ഭീഷണിയാകുന്ന സാഹചര്യത്തിൽ, ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ അധികൃതർ അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *