വാഷിങ്ടൺ: നിർമിതബുദ്ധിയുടെ (എഐ) അതിവേഗ പുരോഗതി സോഫ്റ്റ്വെയറുകളിലെ സുരക്ഷാ പിഴവുകൾ വൻതോതിൽ കണ്ടെത്താൻ സഹായിക്കുന്നതിനൊപ്പം സൈബർ ആക്രമണസാധ്യത വർധിപ്പിക്കുന്നതായും മുന്നറിയിപ്പ്. എഐയുടെ സഹായത്തോടെ കണ്ടെത്തുന്ന പിഴവുകൾ മുതലെടുത്ത് ഹാക്കർമാർ ആക്രമണം നടത്തുന്നതിനുള്ള സമയം കുറയുന്നതാണ് സൈബർ സുരക്ഷാ വിദഗ്ധരെ ആശങ്കയിലാക്കുന്നത്.
യുഎസ് ആസ്ഥാനമായ സൈബർ സുരക്ഷാ സ്ഥാപനമായ വൾൺചെക്കിന്റെ പഠനമനുസരിച്ച്, എഐയുടെ സഹായത്തോടെ കണ്ടെത്തുന്ന ഡിജിറ്റൽ സുരക്ഷാ പിഴവുകളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയായിട്ടുണ്ട്. ഇന്റർനെറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ദീർഘകാലമായി നിലനിന്നിരുന്ന സുരക്ഷാ വീഴ്ചകൾ കണ്ടെത്താൻ എഐ സഹായിക്കുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ യൂറോപ്പിലെയും മറ്റു രാജ്യങ്ങളിലെയും സർക്കാർ വെബ്സൈറ്റുകളെ ബാധിച്ച തടസങ്ങൾ ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നു. വ്യാപകമായി ഉപയോഗിക്കുന്ന പിഎച്ച്പി പ്രോഗ്രാമിങ് ഭാഷയിലെ സുരക്ഷാ പിഴവുകളാണ് വെബ്സൈറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചത്. ആക്രമണസാധ്യത കണക്കിലെടുത്ത് ചില സേവനങ്ങൾ സുരക്ഷാ പരിഹാരങ്ങൾ നടപ്പാക്കുന്നതുവരെ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു.
സാധാരണഗതിയിൽ സോഫ്റ്റ്വെയർ കോഡിലെ പിഴവുകൾ കണ്ടെത്താനും അവ മുതലെടുക്കാനുള്ള മാർഗങ്ങൾ വികസിപ്പിക്കാനും വിദഗ്ധർക്ക് ആഴ്ചകളോ മാസങ്ങളോ വേണ്ടിവന്നിരുന്നു. എന്നാൽ എഐ ഉപയോഗിച്ച് കോഡുകൾ തുടർച്ചയായി പരിശോധിക്കാനും ചില പിഴവുകൾ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്താനും അവയെ ചൂഷണം ചെയ്യുന്നതിനുള്ള മാർഗങ്ങൾ വേഗത്തിൽ വികസിപ്പിക്കാനും സാധിക്കുന്നതായി വിദഗ്ധർ പറയുന്നു.
ഡിജിറ്റൽ അടിസ്ഥാനസൗകര്യ കമ്പനിയായ ക്ലൗഡ്ഫ്ലെയറിന്റെ സിഇഒ മാത്യു പ്രിൻസ്, നിർണായക സോഫ്റ്റ്വെയറുകളിൽ ഇനിയും ഗുരുതരമായ സുരക്ഷാ പിഴവുകൾ കണ്ടെത്താനുണ്ടെന്ന് മുന്നറിയിപ്പ് നൽകി. വരും മാസങ്ങളിലും വർഷങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

