ന്യൂഡൽഹി: രാഹുൽ ഗാന്ധി ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. ബിജെപിയെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ‘ഇന്ത്യ’ സഖ്യത്തിലെ ധാരണയെന്നും, തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും പ്രധാനമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവായതുകൊണ്ട് മാത്രം രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുന്നുവെങ്കിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും ആ സ്ഥാനത്തിന് അർഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ സഖ്യം യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും, കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പ്രസ്താവനകൾ അപക്വവും അനാവശ്യവുമാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ പോര് ശക്തമായിരിക്കുകയാണ്. തമിഴക വെട്രി കഴകം (ടിവികെ) നേതാവ് സി. ജോസഫ് വിജയിയെ 2029-ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന ആവശ്യങ്ങളോട് കോൺഗ്രസ് ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാഹുൽ ഗാന്ധിയെ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ തമിഴ്നാട് മന്ത്രിസഭയിലുള്ള രണ്ട് കോൺഗ്രസ് മന്ത്രിമാരും രാജിവെക്കുമെന്ന് മന്ത്രി എസ്. രാജേഷ് കുമാർ മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധി തന്നെയായിരിക്കും മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോറും ആവർത്തിച്ച് വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇന്ത്യാ മുന്നണിക്കുള്ളിൽ സമവായമില്ലെന്ന സിപിഎമ്മിന്റെ നിലപാടും കോൺഗ്രസിന്റെ കടുത്ത പ്രതികരണങ്ങളും ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

