സിംഗപ്പൂർ: പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെയും മറ്റ് രാഷ്ട്രീയ നേതാക്കളുടെയും ശമ്പളത്തിൽ ഗണ്യമായ വർധന പ്രഖ്യാപിച്ച് സിംഗപ്പൂർ സർക്കാർ. 15 വർഷത്തിന് ശേഷമാണ് രാജ്യത്ത് രാഷ്ട്രീയ നേതാക്കളുടെ ശമ്പള ഘടന പരിഷ്കരിക്കുന്നത്. ഒക്ടോബർ 15 മുതൽ പരിഷ്കരിച്ച ശമ്പള ഘടന ഘട്ടംഘട്ടമായി നടപ്പാക്കും.
പുതിയ പരിഷ്കരണം അനുസരിച്ച് പ്രധാനമന്ത്രിയുടെ വാർഷിക ബെഞ്ച്മാർക്ക് ശമ്പളം 2.2 ദശലക്ഷം സിംഗപ്പൂർ ഡോളറിൽ നിന്ന് 3.6 ദശലക്ഷം സിംഗപ്പൂർ ഡോളറായി ഉയരും. അതായത് ഏകദേശം 64 ശതമാനം വർധന. ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ വാർഷിക ശമ്പളം 3.06 ദശലക്ഷം സിംഗപ്പൂർ ഡോളറായും മറ്റ് മന്ത്രിമാരുടേത് 1.8 ദശലക്ഷം മുതൽ 2.88 ദശലക്ഷം സിംഗപ്പൂർ ഡോളർ വരെയായും പരിഷ്കരിക്കും.
എന്നാൽ ശമ്പളവർധനയിലൂടെ തനിക്ക് ലഭിക്കുന്ന അധിക തുക മുഴുവനായും വ്യക്തിപരമായി സ്വീകരിക്കില്ലെന്ന് ലോറൻസ് വോങ് വ്യക്തമാക്കി. അധിക വരുമാനം അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ നേതാക്കളുടെ ഉയർന്ന ശമ്പളം പൊതുജനങ്ങൾക്ക് വൈകാരികമായ വിഷയമാണെന്ന് അംഗീകരിച്ച വോങ്, കഴിവുള്ളവരെ പൊതുസേവനത്തിലേക്ക് ആകർഷിക്കാനും മികച്ച നേതൃത്വം ഉറപ്പാക്കാനും മത്സരാധിഷ്ഠിതമായ ശമ്പള ഘടന ആവശ്യമാണെന്ന് വ്യക്തമാക്കി.
സിംഗപ്പൂർ സർക്കാരിന്റെ വിശദീകരണമനുസരിച്ച്, ഉയർന്ന ശമ്പളം കഴിവുള്ള വ്യക്തികളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുന്നതിനും അഴിമതിയുടെ സാധ്യത കുറയ്ക്കുന്നതിനുമുള്ള സംവിധാനത്തിന്റെ ഭാഗമാണ്. പുതിയ ശമ്പള ഘടന പ്രകടനവും ഉത്തരവാദിത്തവും പരിഗണിച്ചായിരിക്കും ഘട്ടംഘട്ടമായി നടപ്പാക്കുക.
ശമ്പളപരിഷ്കരണത്തെക്കുറിച്ച് പൊതുസമൂഹത്തിൽ ചർച്ചയും വിമർശനവും ഉയർന്നിട്ടുണ്ട്. രാജ്യത്തെ സാധാരണ തൊഴിലാളികളുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ രാഷ്ട്രീയ നേതാക്കളുടെ പ്രതിഫലം വളരെ ഉയർന്നതാണെന്നതാണ് പ്രധാന വിമർശനം. അതേസമയം, നിലവിലെ ശമ്പള ഘടന കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്.

