തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കത്തിൽ സംസ്ഥാന സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. ഇഡിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യണമോ, അതോ ആദ്യം പ്രാഥമിക അന്വേഷണം നടത്തണമോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് നിയമപരിശോധന നടക്കുന്നത്.
എജിയുടെ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും സർക്കാർ തുടർനടപടികളിലേക്ക് കടക്കുക. ഇതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിഷയം ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്.
അതേസമയം, പിണറായി വിജയനെതിരെ ഉടൻ കേസ് എടുക്കണമെന്ന അഭിപ്രായവും നടപടി രാഷ്ട്രീയമായി തിരിച്ചടിയാകുമോ എന്ന് പരിശോധിച്ചശേഷം തീരുമാനമെടുക്കണമെന്ന നിലപാടും കോൺഗ്രസിനുള്ളിൽ ഉയർന്നിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്താൽ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുമോ എന്ന ആശങ്കയും ചില നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്.
മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നീക്കം. പിണറായി വിജയനെതിരായ ഇഡി നടപടിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് സിപിഎം ആരോപണം. ഇഡി നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവിൽ പിണറായി വിജയനെതിരെ സംസ്ഥാന സർക്കാർ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ നിയമപരമായ തുടർനടപടി എന്താകണമെന്നതിൽ എജിയുടെ ഉപദേശം തേടുന്ന ഘട്ടത്തിലാണ് സർക്കാർ.

