ക്ലൈഡ് ഓണം പുതിയ തീയതിയിലും വമ്പിച്ച വേദിയിലും; മമിത ബൈജു ഒക്ടോബർ 11-ന് മെൽബണിലെത്തും

മെൽബൺ: അപ്രതീക്ഷിത കാരണങ്ങളാൽ മാറ്റിവെച്ച മെൽബണിലെ പ്രശസ്തമായ ‘ക്ലൈഡ് ഓണം 2026’ കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ പുതിയ തീയതിയിലും വേദിയിലും നടക്കും. ഒക്ടോബർ 11 ഞായറാഴ്ച ക്രാൻബോൺ റേസ് കോഴ്സിലെ ഗ്രാൻഡെ പവലിയനിലാണ് (Grande Pavilion, Southside Racing Cranbourne) ആഘോഷങ്ങൾ അരങ്ങേറുക. രാവിലെ 11:00 മണി മുതൽ രാത്രി 9:30 വരെ നീളുന്ന വർണ്ണാഭമായ പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

പ്രമുഖ ചലച്ചിത്ര താരം മമിത ബൈജു മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ മഹോത്സവത്തിലേക്ക് പ്രവാസി മലയാളികളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രതിസന്ധിഘട്ടത്തിൽ പിന്തുണയും സ്നേഹവും ക്ഷമയും കാണിച്ച എല്ലാ സ്പോൺസർമാർക്കും പൊതുജനങ്ങൾക്കും മമിത ബൈജുവും സംഘാടക സമിതിയും പ്രത്യേക നന്ദി രേഖപ്പെടുത്തി.

മുമ്പ് ബുക്ക് ചെയ്തവരിൽ പുതിയ തീയതിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ടിക്കറ്റ് റദ്ദാക്കാനും റീഫണ്ട് നേടാനുമുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും സമയപരിധിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച ഇമെയിൽ വിലാസങ്ങളിലേക്ക് ഉടൻ അയക്കും. ടിക്കറ്റ് റീഫണ്ട് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കിയുള്ള ടിക്കറ്റുകളുടെ വിൽപ്പന ഉടൻ തന്നെ പുനരാരംഭിക്കുമെന്നും മുൻപ് ടിക്കറ്റ് ലഭിക്കാത്തവർക്ക് ഇതൊരു സുവർണ്ണാവസരമായിരിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

https://www.facebook.com/share/p/198w4sSNUp/

Leave a Reply

Your email address will not be published. Required fields are marked *