പിതാവിന്റെ ഓർമയിൽ യുവ ഡോക്ടർമാർക്ക് ഫെലോഷിപ്പ് പ്രഖ്യാപിച്ച് സച്ചിൻ

മുംബൈ: അന്തരിച്ച പിതാവും തന്റെ ആദ്യ ഗുരുവുമായ രമേഷ് ടെൻഡുൽക്കറിന്റെ സ്മരണയ്ക്കായി പുതിയ ഫെലോഷിപ്പ് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. അധ്യാപക ദിനത്തോടനുബന്ധിച്ചാണ് ‘പ്രൊഫസർ രമേഷ് ടെൻഡുൽക്കർ മെമ്മോറിയൽ ഫെലോഷിപ്പ്’ പ്രഖ്യാപിച്ചത്.

സച്ചിൻ ടെൻഡുൽക്കർ ഫൗണ്ടേഷനും ആരോഗ്യ മേഖലയിലെ പങ്കാളിയായ ഇംഗ ഹെൽത്ത് ഫൗണ്ടേഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വർഷവും ഒരു എം.ഡി. ഡോക്ടർക്ക് ശ്രീനഗറിൽ ക്ലെഫ്റ്റ്, ക്രാനിയോഫേഷ്യൽ കെയർ മേഖലയിൽ ഒരു വർഷത്തെ പ്രത്യേക പരിശീലനത്തിനായി സാമ്പത്തിക സഹായം നൽകുന്നതാണ് ഫെലോഷിപ്പിന്റെ ലക്ഷ്യം. പരിശീലനം പൂർത്തിയാക്കുന്നയാൾക്ക് സച്ചിൻ ടെൻഡുൽക്കർ ഫൗണ്ടേഷന്റെ സർട്ടിഫിക്കറ്റും ലഭിക്കും.

പിതാവ് രമേഷ് ടെൻഡുൽക്കർ എഴുത്തുകാരനും കവിയും പ്രൊഫസറുമായിരുന്നെന്നും തന്റെ ക്രിക്കറ്റ് താൽപര്യം തിരിച്ചറിഞ്ഞ് സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും പിന്തുണയും നൽകിയെന്നും സച്ചിൻ പറഞ്ഞു. വിദ്യാഭ്യാസം അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും ആ അവസരം മറ്റുള്ളവരെ സേവിക്കാൻ ഉപയോഗിക്കുമ്പോഴാണ് അതിന് യഥാർഥ അർഥമുണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കൾക്ക് കഴിവുണ്ടെങ്കിലും അത് വളർത്തിയെടുക്കാൻ ആവശ്യമായ പരിശീലനം, മാർഗനിർദേശം, വിദ്യാഭ്യാസം, ആരോഗ്യപരിചരണം എന്നിവ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സച്ചിൻ, പുതിയ സംരംഭം പിതാവിന്റെ അധ്യാപക-മാർഗദർശക പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *