ന്യൂകാസിൽ: മെയ്ഫീൽഡിലെ എലിസബത്ത് തെരുവിൽ ഇരുനില ടൗൺഹൗസിന് തീപിടിച്ചു. ബുധനാഴ്ച വൈകിട്ട് 5:45-ഓടെയാണ് സംഭവം. എട്ട് ഫയർ ട്രക്കുകളും ഇരുപതോളം അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സമീപവാസികളായ പത്തോളം പേരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. വൈകിട്ട് 7 മണിയോടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതിനാൽ അടുത്തുള്ള യൂണിറ്റുകൾ വലിയ നാശനഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെട്ടു.
ഇ-ബൈക്ക് ചാർജറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സുരക്ഷിതമല്ലാത്ത ഇലക്ട്രിക്കൽ ഉപകരണങ്ങൾ വിപണിയിൽ വിൽക്കുന്നത് തടയാൻ കർശന നടപടി വേണമെന്നും, സുരക്ഷിതമല്ലാത്ത ബാറ്ററികളും ചാർജറുകളും വിൽക്കുന്നവർക്ക് ഭീമമായ പിഴ ചുമത്തണമെന്നും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമുയർന്നിട്ടുണ്ട്.

