ചൈനയിൽ അറ്റകുറ്റപ്പണിക്കിടെ ചരക്കുകപ്പലിന് തീപിടിച്ചു; 25 പേർ മരിച്ചു

ബെയ്ജിങ്: ചൈനയിലെ ക്വിങ്‌ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ തീപിടിത്തമുണ്ടായി 25 പേർ മരിച്ചു. 42 പേരാണ് കപ്പലിലുണ്ടായിരുന്നത്. 12 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

‘ഓഷൻ മെലഡി’ എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. ലൈബീരിയൻ പതാകയ്ക്ക് കീഴിൽ സഞ്ചരിക്കുന്ന ഏകദേശം 190 മീറ്റർ നീളമുള്ള ബൾക്ക് കാരിയറാണ് കപ്പൽ. ക്വിങ്‌ദാവോയിലെ ബെയ്‌ഹായ് ഷിപ്പ്‌ബിൽഡിങ് കമ്പനിയിൽ അറ്റകുറ്റപ്പണികൾക്കിടെയാണ് വ്യാഴാഴ്ച രാവിലെ 11.15ഓടെ തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് 2.30ഓടെ തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും സുരക്ഷാ വീഴ്ചകൾ പരിശോധിക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദേശം നൽകി. അപകടത്തിൽനിന്ന് പാഠമുൾക്കൊണ്ട് വിവിധ മേഖലകളിലെ അഗ്നിസുരക്ഷാ വീഴ്ചകൾ കണ്ടെത്തി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *