അമേരിക്കൻ സർവകലാശാലയ്ക്ക് 20 ദശലക്ഷം ഡോളർ സംഭാവന; ഇന്ത്യൻ വംശജ ദമ്പതികളുടെ പേരിൽ പുതിയ എഐ കോളജ്

വാഷിങ്ടൺ: അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിന് (UNT) ഇന്ത്യൻ വംശജരായ അനുരാധയും വികാസ് സിന്ഹയും ചേർന്ന് 20 ദശലക്ഷം ഡോളർ സംഭാവന നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് അനലിറ്റിക്സ് മേഖലകളിലെ വിദ്യാഭ്യാസവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിനാണ് സംഭാവന. ഇതിന്റെ ഭാഗമായി സർവകലാശാലയിൽ ആരംഭിക്കുന്ന പുതിയ കോളജിന് ‘അനുരാധ ആൻഡ് വികാസ് സിന്ഹ കോളജ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് അനലിറ്റിക്സ്’ എന്ന് പേരിട്ടു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ഇൻഫർമേഷൻ സയൻസ്, ലേണിങ് ടെക്നോളജി തുടങ്ങിയ മേഖലകളെ പുതിയ കോളജ് ഏകോപിപ്പിക്കും. വിദ്യാർഥി സ്കോളർഷിപ്പുകൾ, അധ്യാപക പ്രൊഫസർഷിപ്പുകൾ, കോളജ് നേതൃത്വം, സംരംഭകത്വവും ഇൻക്യുബേഷനും, ഗവേഷണം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയ്ക്കായി ആറ് സ്ഥിര എൻഡോവ്മെന്റുകൾ സ്ഥാപിക്കാനും സംഭാവന ഉപയോഗിക്കും.

ആന്ധ്രാപ്രദേശിൽ സിവിൽ എൻജിനീയറിങ് പഠിച്ച ശേഷമാണ് അനുരാധയും വികാസ് സിന്ഹയും ഉപരിപഠനത്തിനായി യുഎസിലെത്തിയത്. വികാസ് സിന്ഹ പിന്നീട് യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിൽ നിന്ന് ഇൻഫർമേഷൻ സയൻസ്, ഡാറ്റ സയൻസ് മേഖലയിൽ പിഎച്ച്ഡി നേടി. നിലവിൽ ബ്രോഡ്കോമിൽ മെയിൻഫ്രെയിം സോഫ്റ്റ്‌വെയർ വിഭാഗത്തിൽ വൈസ് പ്രസിഡന്റാണ്.

UNT-യുമായി സിന്ഹ കുടുംബത്തിന് നേരത്തെയും സാമ്പത്തിക ബന്ധമുണ്ട്. 2024ൽ ഡാറ്റ സയൻസ് വിഭാഗം സ്ഥാപിക്കുന്നതിനും 2025ൽ ഡാറ്റ സയൻസ് ഇന്നൊവേഷൻ ലാബിനുമായി കുടുംബം സംഭാവന നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *