സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിലെ കുറവ് രൂക്ഷമായതോടെ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ചീഫ് സെക്രട്ടറി, കെഎസ്ഇബി ചെയർമാൻ-മാനേജിങ് ഡയറക്ടർ എന്നിവരുമായി മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

പുറത്തുനിന്ന് അടിയന്തരമായി എത്ര വൈദ്യുതി വാങ്ങാനാകുമെന്നും അതിന് എത്ര ചെലവ് വരുമെന്നും യോഗത്തിൽ മുഖ്യമന്ത്രി ചോദിച്ചു. വൈദ്യുതി വാങ്ങുന്നതിനായി റെഗുലേറ്ററി കമ്മിഷനെ എത്ര വേഗത്തിൽ സമീപിക്കാനാകുമെന്നും പരിശോധിക്കാൻ നിർദേശിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിന് കെഎസ്ഇബി സ്വീകരിക്കുന്ന നടപടികൾക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വരും ആഴ്ചകളിൽ സമാനമായ സാഹചര്യം ആവർത്തിക്കാതിരിക്കാൻ കൃത്യമായ ആസൂത്രണം വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. അതേസമയം, വൈദ്യുതി ക്ഷാമത്തെ തുടർന്ന് രാത്രികാല നിയന്ത്രണം ഈ മാസം മുഴുവൻ തുടരേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ നിലപാട്. നിലവിൽ 25 മിനിറ്റ് വീതം രണ്ട് തവണയാണ് ചില മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. പ്രദേശത്തെ വൈദ്യുതി ലഭ്യത അനുസരിച്ച് നിയന്ത്രണ സമയത്തിൽ ചെറിയ വ്യത്യാസമുണ്ടാകാം.

വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് ഉപഭോക്താക്കളെ മൊബൈൽ സന്ദേശങ്ങളിലൂടെ അറിയിക്കുന്ന നടപടിയും കെഎസ്ഇബി ആരംഭിച്ചിട്ടുണ്ട്. ഒരു പ്രദേശത്ത് ഒന്നിലധികം തവണ വൈദ്യുതി തടസ്സപ്പെടാതിരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *