ഹോർമുസിൽ വീണ്ടും വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാർ രക്ഷപ്പെട്ടു, ഒരാളെ കാണാതായി

മസ്കത്ത്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച വാണിജ്യ കപ്പലിന് നേരെ ആക്രമണം. കപ്പലിൽ ആയുധം പതിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായതായും ജീവനക്കാരെ ഒഴിപ്പിച്ചതായും ബ്രിട്ടീഷ് സമുദ്രസുരക്ഷാ നിരീക്ഷണ സംഘടനയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഒമാൻ തീരത്തിന് സമീപം നടന്ന സംഭവത്തിൽ പനാമയുടെ പതാകയുള്ള എണ്ണക്കപ്പൽ MT El Gaia ആണ് ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരാളെ കണ്ടെത്തുന്നതിനായി തിരച്ചിൽ–രക്ഷാപ്രവർത്തനം തുടരുകയാണ്. ഒമാനിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികൃതരുമായി ഏകോപനം നടത്തുന്നുണ്ട്.

വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. വാണിജ്യ കപ്പലുകൾ, നാവികർ, സാധാരണക്കാർ, സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ സംഘർഷം ഉടൻ കുറയ്ക്കണമെന്നും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നപരിഹാരം തേടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ കപ്പൽഗതാഗതവും വാണിജ്യവും പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇതിനിടെ ഹോർമുസ് കടലിടുക്കിലെ ഖഷം ദ്വീപിന് സമീപം മറ്റൊരു ഇറാനിയൻ ചരക്കുകപ്പലിനും നേരെ ആക്രമണമുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. അതേ സംഭവം തന്നെയാണോ UKMTO റിപ്പോർട്ട് ചെയ്ത കപ്പൽ ആക്രമണമെന്നത് വ്യക്തമായിട്ടില്ല.

തുടർച്ചയായ കപ്പൽ ആക്രമണങ്ങൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽഗതാഗതത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ആഗോള എണ്ണവിതരണത്തിന്റെ പ്രധാന പാതയായ കടലിടുക്കിലെ സുരക്ഷാ സാഹചര്യം മോശമാകുന്നത് അന്താരാഷ്ട്ര എണ്ണവിപണിയിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *