ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാർ രക്ഷപ്പെട്ടു, ഒരാളെ കാണാതായി

മസ്കത്ത്: ഒമാൻ തീരത്ത് ഇന്ത്യൻ നാവികർ ഉൾപ്പെട്ട വാണിജ്യ കപ്പലിന് നേരെ ആക്രമണം. ആക്രമണത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പനാമയുടെ പതാകയേന്തിയ എംടി എൽ ഗയ്യ (MT El Gaia) എന്ന വാണിജ്യ കപ്പലിനാണ് ആക്രമണമുണ്ടായത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെ ആയുധം പതിച്ചതായി ബ്രിട്ടീഷ് സമുദ്രസുരക്ഷാ നിരീക്ഷണ സംഘടനയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) റിപ്പോർട്ട് ചെയ്തതായി ദീപിക റിപ്പോർട്ട് ചെയ്തു.

രക്ഷപ്പെടുത്തിയ 13 ഇന്ത്യക്കാരെയും സുരക്ഷിതമായി കരയിലെത്തിച്ചു. കാണാതായ ഇന്ത്യൻ ജീവനക്കാരനായി ഒമാൻ അധികൃതരുമായി സഹകരിച്ച് തിരച്ചിൽ–രക്ഷാപ്രവർത്തനം തുടരുകയാണ്. ഒമാനിലെ ഇന്ത്യൻ എംബസി നടപടികൾ ഏകോപിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. വാണിജ്യ കപ്പലുകൾക്കും നാവികർക്കും സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സംഘർഷം ഉടൻ കുറയ്ക്കണമെന്നും സമാധാനത്തിനായി സംഭാഷണവും നയതന്ത്രവും പിന്തുടരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അതേസമയം, ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക വീണ്ടും ശക്തമായി.

Leave a Reply

Your email address will not be published. Required fields are marked *