ഗുരുഗ്രാമിൽ റോഡ് റേസിനിടെ കാറിടിച്ച് വനിതാ ബൈക്കർക്ക് പരിക്ക്; കേസെടുത്ത് പോലീസ്

ഗുരുഗ്രാം: ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ റോഡ് റേസിനിടെ കാറിടിച്ച് യുവതിയായ ബൈക്ക് യാത്രികയ്ക്ക് പരിക്ക്. അപ്രിൽയ സ്പോർട്സ് ബൈക്കിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സിയ എന്ന യുവതിക്കാണ് പരിക്കേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ഗുരുഗ്രാം പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യാത്രയ്ക്കിടെ അപകടകരമായ രീതിയിൽ വാഹനം അടുപ്പിച്ച് നിർത്താൻ ആംഗ്യം കാണിച്ച വെളുത്ത സെഡാൻ കാറിലെ യാത്രികരോട് അകലം പാലിക്കാൻ സിയ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ പ്രകോപിതരായ കാറിലുണ്ടായിരുന്നവർ ഇവരെ പിന്തുടർന്ന് മനപ്പൂർവം ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. കാർ ഇടിച്ചതിനെത്തുടർന്ന് യുവതി റോഡിലൂടെ കുറേ ദൂരം വലിച്ചിഴയ്ക്കപ്പെടുകയും ബൈക്ക് മറ്റൊരു ഭാഗത്തേക്ക് തെറിച്ചുപോവുകയും ചെയ്തു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും യുവതിയുടെയും സുഹൃത്തുക്കളുടെയും ബൈക്കുകളിൽ ഘടിപ്പിച്ചിരുന്ന ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാറിനെ അടുത്തുള്ള ട്രാഫിക് സിഗ്നലിൽ വെച്ച് സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വേഗത്തിൽ വാഹനം ഓടിച്ചുപോകുകയായിരുന്നു. കാറിന്റെ രജിസ്ട്രേഷൻ വിവരങ്ങളും യുവതി പുറത്തുവിട്ടിട്ടുണ്ട്. തുടക്കത്തിൽ പോലീസിൽ ഔദ്യോഗിക പരാതി ലഭിച്ചിരുന്നില്ലെങ്കിലും, സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *