കോഴിക്കോട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണത്തിനെതിരെ സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ പ്രമേയം. മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കേന്ദ്ര കമ്മിറ്റി അംഗം പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരായ ഇ.ഡി. നീക്കങ്ങൾക്കെതിരെയാണ് പ്രമേയം അവതരിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു അവതരിപ്പിച്ച പ്രമേയം പ്രതിനിധികൾ ഏകകണ്ഠമായി അംഗീകരിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെ പ്രമേയം വിമർശിച്ചതായാണ് റിപ്പോർട്ട്. സിപിഎം നേതാക്കൾക്കെതിരായ ഇ.ഡി. നടപടികൾ പാർട്ടിയെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന നിലപാടാണ് നേതൃത്വം നേരത്തെ സ്വീകരിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ ഉൾപ്പെടെയുള്ള സംഘടനാ വിഷയങ്ങളിലാകണം വിശാല സംസ്ഥാന സമിതിയിലെ ചർച്ചകൾ കേന്ദ്രീകരിക്കേണ്ടതെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ നിലപാട്. ഇ.ഡി. വിഷയത്തിലേക്ക് ചർച്ച വഴിമാറരുതെന്നും നിർദേശം നൽകിയിരുന്നു. എന്നാൽ യോഗത്തിന്റെ അവസാന ദിവസം വിഷയം വീണ്ടും ചർച്ചയാകുകയും പ്രമേയം അവതരിപ്പിക്കുകയുമായിരുന്നു.
ഇ.ഡി. നടപടികളെ യോഗത്തിൽ തന്നെ രാഷ്ട്രീയമായി ചെറുക്കേണ്ടതുണ്ടെന്ന അഭിപ്രായം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും ഉയർന്നിരുന്നു. ഇ.ഡി. നീക്കത്തെ അപലപിച്ചില്ലെങ്കിൽ അത് പാർട്ടിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലും ചില നേതാക്കൾ പങ്കുവച്ചതായി റിപ്പോർട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ ഇ.ഡി. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചിരുന്നു. പാർട്ടി നേതാക്കൾക്കെതിരായ അന്വേഷണം പാർട്ടിക്കെതിരായ ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

