മോഹൻലാലിന്റെ ഷർട്ടിലെ ഡിസൈൻ വിവാദത്തിൽ; അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് പ്രവാസി കലാകാരന്റെ ആരോപണം

കൊച്ചി: ടെലിവിഷൻ റിയാലിറ്റി ഷോയിൽ നടൻ മോഹൻലാൽ ധരിച്ച ഷർട്ടിലെ ഡിസൈൻ സംബന്ധിച്ച് വിവാദം. തന്റെ ‘ഗ്ലോബൽ പീസ്’ ആർട്ട്‌വർക്കിലെ ഡിസൈൻ അനുവാദമില്ലാതെ ഷർട്ടിൽ ഉപയോഗിച്ചെന്നാണ് യുഎഇയിൽ പ്രവർത്തിക്കുന്ന മലയാളി കലാകാരൻ സിജിൻ ഗോപിനാഥൻ ആരോപിച്ചത്. മോഹൻലാലിനെതിരെയല്ല ആരോപണമെന്നും ഡിസൈനിന് പിന്നിൽ പ്രവർത്തിച്ച ഫാഷൻ, ഡിസൈൻ, മീഡിയ ടീമിനോടാണ് ചോദ്യമെന്നും സിജിൻ വ്യക്തമാക്കി.

ഏകദേശം മൂന്ന് വർഷത്തോളം യുഎഇയിലെ തെരുവുകളിലൂടെ സഞ്ചരിച്ച് വിവിധ രാജ്യക്കാരായ ആളുകളെ നേരിൽ കണ്ടും വരച്ചുമാണ് ‘ഗ്ലോബൽ പീസ്’ ആർട്ട്‌വർക്ക് ഒരുക്കിയതെന്ന് സിജിൻ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞു. യുഎഇയുടെ വൈവിധ്യത്തിന്റെ ദൃശ്യരേഖ കൂടിയാണ് ഈ കലാസൃഷ്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹൻലാൽ ധരിച്ച ഷർട്ടിൽ നിരവധി മനുഷ്യരുടെ മുഖങ്ങളോടൊപ്പം ‘We the People’ എന്ന വാക്കുകളും ഉൾപ്പെട്ട ഡിസൈനാണ് ഉണ്ടായിരുന്നത്. തന്റെ ആർട്ട്‌വർക്കുമായി സാമ്യമുള്ള ഈ ഡിസൈൻ എഐ ഉപയോഗിച്ച് മാറ്റം വരുത്തി ഉപയോഗിച്ചതായും സിജിൻ ആരോപിച്ചു. വർഷങ്ങളുടെ അധ്വാനം ഉൾപ്പെട്ട ഒരു കലാസൃഷ്ടി ഉപയോഗിക്കുമ്പോൾ കലാകാരന് അർഹമായ ക്രെഡിറ്റ് നൽകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

അതേസമയം, ആളുകളെ ഒരുമിച്ച് ചിത്രീകരിക്കുന്നതും ‘വൈവിധ്യം’ എന്ന ആശയവും ഒരാളുടെ മാത്രം സ്വന്തമല്ലെന്ന് സിജിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിലവിലുള്ള ഒരു ആർട്ട്‌വർക്കിലെ തിരിച്ചറിയാൻ കഴിയുന്ന മുഖങ്ങളും കഥാപാത്രങ്ങളും ദൃശ്യഭാഷയും അടിസ്ഥാനമാക്കി മാറ്റങ്ങൾ വരുത്തിയാലും അതിന്റെ ഉറവിടം അവഗണിക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *