കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം; കുറ്റകൃത്യങ്ങൾ നേരിട്ട് ഇന്ത്യൻ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യാൻ മെറ്റ

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടക്കുന്ന കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഇനി മുതൽ നേരിട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യാൻ ടെക് ഭീമനായ മെറ്റ സമ്മതിച്ചു. കേന്ദ്ര സർക്കാരിന്റെ സൈബർ ക്രൈം പോർട്ടലായ ഐ.ഫോർ.സി (I4C) വഴി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ നേരിട്ട് കമ്പനി അധികൃതരെ അറിയിക്കും. അമേരിക്ക ആസ്ഥാനമായുള്ള എൻ.സി.എം.ഇ.സി (NCMEC) വഴിയായിരുന്നു മുൻപ് ഇവർ പരാതികൾ കൈമാറിയിരുന്നത്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നിയമങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ നിർണായക തീരുമാനം.

മെറ്റയുടെ ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിലൂടെ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അടങ്ങിയ പരസ്യങ്ങൾ പ്രചരിക്കുന്നുവെന്ന ബി.ബി.സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വലിയ അന്വേഷണങ്ങൾ നടന്നു വരികയായിരുന്നു. ഇതിനെ തുടർന്ന് ദേശീയ ബാലാവകാശ കമ്മീഷനും ദേശീയ മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെടുകയും പോക്സോ നിയമപ്രകാരം മെറ്റയ്‌ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർനടപടിയായി കമ്പനിയുടെ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥരെ കഴിഞ്ഞ ആഴ്ച ബാലാവകാശ കമ്മീഷൻ നേരിട്ട് വിളിപ്പിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.

നിയമവിരുദ്ധവും ദോഷകരവുമായ ഉള്ളടക്കങ്ങൾ തടയുന്നതിനായി മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായും കേന്ദ്ര സർക്കാർ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കുട്ടികൾക്ക് സുരക്ഷിതമായ ഒരു ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുന്നതിലേക്കുള്ള ആദ്യ പടിയാണിതെന്നും ഇനിയും കൂടുതൽ ശക്തമായ മുൻകരുതലുകൾ ആവശ്യമാണെന്നും സർക്കാർ വൃത്തങ്ങൾ വിലയിരുത്തുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാരുമായി പൂർണ്ണമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മെറ്റ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *