രാവിലെ ആറുമണിയിലെ ഇമെയിൽ സന്ദേശം; മുന്നറിയിപ്പില്ലാതെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഒറാക്കിൾ; ഐടി മേഖല ആശങ്കയിൽ

കാലിഫോർണിയ: ജീവനക്കാർക്ക് യാതൊരുവിധ മുൻകൂർ മുന്നറിയിപ്പും നൽകാതെ വൻതോതിലുള്ള കൂട്ടപ്പിരിച്ചുവിടലുമായി പ്രമുഖ ഐടി കമ്പനിയായ ഒറാക്കിൾ. രാവിലെ ആറുമണിയോടെ ജീവനക്കാരുടെ ഔദ്യോഗിക ഇമെയിലുകളിലേക്ക് എത്തിയ അപ്രതീക്ഷിത സന്ദേശമാണ് ജീവനക്കാരെ കടുത്ത ആഘാതത്തിലാക്കിയത്. നിങ്ങളുടെ തസ്തികയുമായി ബന്ധപ്പെട്ട് ചില വിഷമകരമായ വാർത്തകളാണ് പങ്കുവെക്കാനുള്ളതെന്നും ഇന്നത്തെ ദിവസമാണ് നിങ്ങളുടെ അവസാന ജോലി ദിവസമെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു കമ്പനിയുടെ ഇമെയിൽ.

വലിയതോതിലുള്ള ആഭ്യന്തര പുനഃസംഘടനയുടെ ഭാഗമായാണ് നടപടിയെന്നാണ് കമ്പനി വിശദീകരിക്കുന്നതെങ്കിലും, വ്യക്തിഗത കാരണങ്ങളോ മുൻകൂട്ടിയുള്ള സൂചനകളോ നൽകാതെയുള്ള ഈ പെട്ടെന്നുള്ള നീക്കം ഐടി മേഖലയിൽ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

ഇമെയിൽ ലഭിച്ചതിന് പിന്നാലെ തന്നെ കമ്പനിയുടെ ഔദ്യോഗിക കമ്പ്യൂട്ടർ സിസ്റ്റങ്ങൾ, ഇമെയിൽ അക്കൗണ്ടുകൾ, വോയിസ്‌മെയിൽ എന്നിവയിലേക്കുള്ള ജീവനക്കാരുടെ പ്രവേശനവും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. സെവറൻസ് അലവൻസുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയുന്നതിനായി വ്യക്തിഗത ഇമെയിൽ വിലാസങ്ങൾ നൽകാൻ മാത്രമാണ് കമ്പനി ഇപ്പോൾ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *