ചിട്ടയായ ഓർമ്മശക്തി പരിശീലനം വഴിത്തിരിവായി; രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി ബൺബറിയിലെ സഹോദരങ്ങൾ

ബൺബറി: വർഷങ്ങൾ നീണ്ട ചിട്ടയായ ഓർമ്മശക്തി പരിശീലനത്തിലൂടെ രണ്ട് ഗിന്നസ് ലോകറെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ച് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ബൺബറിയിൽ നിന്നുള്ള സഹോദരങ്ങൾ. പന്ത്രണ്ടുകാരനായ ആൽഫി ബേസിൽ എൽദോസും പത്തുകാരനായ അശ്വിൻ എൽദോസുമാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഇരുവരുടെയും റെക്കോർഡുകൾ ഗിന്നസ് അധികൃതർ ഔദ്യോഗികമായി രേഖപ്പെടുത്തി.

ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ നക്ഷത്രഗണങ്ങളെ (Constellations) തിരിച്ചറിഞ്ഞാണ് ആൽഫി ലോകറെക്കോർഡ് നേടിയതെങ്കിൽ, വെറും 30 സെക്കൻഡുകൾക്കുള്ളിൽ ഏറ്റവും കൂടുതൽ അമേരിക്കൻ പ്രസിഡന്റുമാരുടെ പേരുകൾ കൃത്യമായി ഓർത്തെടുത്ത് പറഞ്ഞാണ് അശ്വിൻ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്. മുൻപ് 43 നക്ഷത്രഗണങ്ങളെന്ന റെക്കോർഡ് നിലനിന്നിരുന്ന സ്ഥാനത്ത്, ആൽഫി 73 നക്ഷത്രഗണങ്ങളെയാണ് 60 സെക്കൻഡിൽ കൃത്യമായി തിരിച്ചറിഞ്ഞ് മറികടന്നത്. അശ്വിൻ അര മിനിറ്റിൽ 43 യു.എസ് പ്രസിഡന്റുമാരുടെ പേരുകൾ തെറ്റുകൂടാതെ പറഞ്ഞു.

തന്റെ വിജയവഴികളെക്കുറിച്ച് ആൽഫി എ.ബി.സി സൗത്ത് വെസ്റ്റിനോട് മനസ്സ് തുറന്നു. തുടക്കത്തിൽ തനിക്ക് വലിയ ഓർമ്മശക്തിയൊന്നും ഉണ്ടായിരുന്നില്ലെന്നും നാല് വർഷം മുൻപ് മെന്റൽ മാത്‌സിലൂടെയാണ് (Mental Maths) ഓർമ്മശക്തി മെച്ചപ്പെടുത്താനുള്ള പരിശീലനം ആരംഭിച്ചതെന്നും അത് പിന്നീട് ഗിന്നസ് റെക്കോർഡിലേക്ക് വഴിമാറുകയായിരുന്നെന്നും ആൽഫി പറഞ്ഞു. വാനശാസ്ത്രത്തിൽ തനിക്ക് പ്രത്യേക താല്പര്യമുണ്ടായിരുന്നതിനാലാണ് ഈ വെല്ലുവിളി തിരഞ്ഞെടുത്തതെന്നും മുൻ റെക്കോർഡായ 43 തനിക്ക് മറികടക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അവൻ വ്യക്തമാക്കി. കൃത്യമായ പരിശീലനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ഇരുവരും കൈവരിച്ച ഈ ചരിത്രവിജയത്തെ പ്രശംസിക്കുകയാണ് ഏവരും.

Leave a Reply

Your email address will not be published. Required fields are marked *