ചെന്നൈ: പ്രശസ്ത കർണാടക സംഗീതജ്ഞയും ഭാരതരത്ന ജേതാവുമായ എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ബയോപിക്കിൽ റഷ്മിക മന്ദാന നായികയാകും. ‘എം.എസ്. – എ ലെഗസി ഓൺ സ്ക്രീൻ’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് ഇന്ന് ചെന്നൈയിലെ ദ മ്യൂസിക് അക്കാദമിയിൽ നടക്കും. എം.എസ്. സുബ്ബുലക്ഷ്മിയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഗൗതം തിണ്ണനൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. ഗീത ആർട്സ്, റോക്ക്ലൈൻ എന്റർടെയ്ൻമെന്റ്, ബണ്ണി വാസ് വർക്സ് എന്നിവയുടെ പങ്കാളിത്തത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അല്ലു അരവിന്ദ്, റോക്ക്ലൈൻ വെങ്കിടേഷ്, ബണ്ണി വാസ് എന്നിവരാണ് നിർമാതാക്കൾ.
എം.എസ്. സുബ്ബുലക്ഷ്മിയുടെ വേഷത്തിലേക്ക് നേരത്തെ സായ് പല്ലവി ഉൾപ്പെടെയുള്ള നടിമാരുടെ പേരുകൾ പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അന്തിമമായി റഷ്മിക മന്ദാനയെ തെരഞ്ഞെടുത്തതായി നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചു. കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷവും ബഹുമാനവും ഉണ്ടെന്ന് റഷ്മിക സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കി.
1916 സെപ്റ്റംബർ 16ന് മധുരയിൽ ജനിച്ച എം.എസ്. സുബ്ബുലക്ഷ്മി കർണാടക സംഗീതത്തെ രാജ്യാന്തര വേദികളിലെത്തിച്ച പ്രമുഖ സംഗീതജ്ഞയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിലും അവർ സംഗീതാവതരണം നടത്തിയിട്ടുണ്ട്. 1954ൽ പത്മഭൂഷൺ, 1968ൽ സംഗീത കലാനിധി, 1998ൽ ഭാരതരത്നം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 2004 ഡിസംബർ 11ന് 88-ാം വയസിലാണ് അവർ അന്തരിച്ചത്.
ചിത്രത്തിന്റെ ആദ്യ ലുക്കും ഔദ്യോഗിക പേരും കൂടുതൽ വിവരങ്ങളും ലോഞ്ച് ചടങ്ങിനോടനുബന്ധിച്ച് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. നടൻ കമൽഹാസൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

