കൊച്ചി: രാജ്യത്തിന്റെ വികസനവും സമകാലിക മുന്നേറ്റങ്ങളും തനത് ജീവിതരീതിയും ആഗോളതലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം കേരളത്തിലെത്തിയ വിദേശ വ്ലോഗർമാരുടെ സംഘം കൊച്ചിയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. ബലാറസ്, ബോളിവിയ, ബ്രസീൽ, ചൈന, ക്യൂബ, ഈജിപ്റ്റ്, എത്യോപ്യ, ഇൻഡോനേഷ്യ, ഇറാൻ, ഖസാക്കിസ്ഥാൻ, മലേഷ്യ, നൈജീരിയ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തായ്‌ലൻഡ്, യുഎഇ, ഉഗാണ്ട, ഉസ്ബക്കിസ്ഥാൻ, വിയറ്റ്നാം തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള 35 വ്ലോഗർമാരാണ് സംഘത്തിലുണ്ടായിരുന്നത്.
ഹോട്ടൽ ലെ മെറിഡിയനിലെ പ്രഭാതഭക്ഷണത്തിന് ശേഷം ഫോർട്ട് കൊച്ചിയിലെത്തിയ സംഘം കൊച്ചിയുടെ പൗരാണികതയും ചരിത്ര പ്രാധാന്യമുള്ള കാഴ്ചകളും കണ്ടറിഞ്ഞു. പരമ്പരാഗത മത്സ്യബന്ധന രീതിയായ ചീനവലയുടെ പ്രവർത്തനം സംഘാംഗങ്ങൾക്ക് തികച്ചും വേറിട്ടൊരു അനുഭവമായി മാറി. പലരും നേരിട്ട് ചീനവല വലിച്ച് മത്സ്യം പിടിക്കുന്ന രീതി പരീക്ഷിച്ചുനോക്കുകയും അവ കാമറയിൽ പകർത്തുകയും ചെയ്തു.
തുടർന്ന് മട്ടാഞ്ചേരിയിൽ നിന്നും വാട്ടർ മെട്രോയിൽ ജലയാത്ര നടത്തിയ സംഘം ഹൈക്കോടതി വാട്ടർ മെട്രോ ജെട്ടിയിലെത്തിയാണ് യാത്ര അവസാനിപ്പിച്ചത്. കൊച്ചിയുടെ ചരിത്രവും പുത്തൻ വികസന മാതൃകകളും ഒപ്പിയെടുത്ത വ്ലോഗർമാർ സന്ദർശനം പൂർത്തിയാക്കി ഇന്ന് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകും.


