മൂവാറ്റുപുഴ: ജനറൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അഞ്ച് പുതിയ ഡോക്ടർമാരെ നിയമിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എയുടെയും നഗരസഭാ ചെയർപേഴ്സൺ ജോയ്‌സ് മേരി ആന്റണിയുടെയും ഇടപെടലുകളെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ മുഖേന നാല് മെഡിക്കൽ ഓഫീസർമാരുടെയും പി.എസ്.സി വഴിയുള്ള ഒരാളുടെയും നിയമന ഉത്തരവാണ് പുറത്തിറങ്ങിയത്.
രണ്ടു മാസം മുമ്പ് കാഷ്വാലിറ്റിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നഗരസഭ നേരിട്ട് ഒരു ഡോക്ടറെ നിയമിച്ചിരുന്നു. പുതിയ അഞ്ച് മെഡിക്കൽ ഓഫീസർമാർ കൂടി എത്തുന്നതോടെ കാഷ്വാലിറ്റി ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ ഡോക്ടർമാരുടെ ക്ഷാമം പരിഹരിച്ച് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ സാധിക്കും.
അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുള്ള ‘ലക്ഷ്യ’ ഓപ്പറേഷൻ തീയേറ്റർ ആവശ്യമായ ഉപകരണങ്ങൾ സജ്ജമാക്കി ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും ആശുപത്രിയിലെ മറ്റ് ഒഴിവുകൾ അടിയന്തരമായി നികത്തുമെന്നും ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.
കൂടാതെ, ഭരണാനുമതി ലഭിച്ച് ആറുകോടി ഇരുപത്തിനാല് ലക്ഷം രൂപ അനുവദിച്ചിട്ടും വാപ്കോസ് (WAPCOS) വഴി മുടങ്ങിക്കിടന്ന മേറ്റേണിറ്റി ബ്ലോക്കിന്റെ പുനരുദ്ധാരണവും വിപുലീകരണവും വേഗത്തിലാക്കും. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പദ്ധതി വാപ്കോസിൽ നിന്ന് മാറ്റി പുതിയ ഏജൻസിയെ ഏൽപ്പിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും, ആശുപത്രിയുടെ സമഗ്ര വികസനത്തിനായുള്ള കൂട്ടായ ഇടപെടലുകൾ തുടരുമെന്നും ജോയ്‌സ് മേരി ആന്റണി വ്യക്തമാക്കി.

