തിരുവനന്തപുരം: ലഹരിക്കെതിരെ കേരള സർക്കാർ നടപ്പിലാക്കിവരുന്ന ശക്തമായ പ്രതിരോധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാന്’ ഭൂട്ടാന് പിന്നാലെ ഓസ്ട്രേലിയയുടെയും അഭിനന്ദനം. ചെന്നൈയിലെ ഓസ്ട്രേലിയൻ കോൺസൽ ജനറൽ സിലായ് സാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലഹരി മാഫിയകൾക്കെതിരായ കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്.
ലഹരിമുക്ത സംസ്ഥാനമെന്ന ലക്ഷ്യത്തോടെ പോലീസ് വകുപ്പും സർക്കാരും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന കർമ്മപദ്ധതിയെക്കുറിച്ചും അതിന്റെ പുരോഗതിയെക്കുറിച്ചും ആഭ്യന്തര മന്ത്രി ഓസ്ട്രേലിയൻ പ്രതിനിധി സംഘത്തിന് വിശദീകരിച്ചു നൽകി. സംസ്ഥാനം നടത്തുന്ന ചിട്ടയായ എൻഫോഴ്സ്മെന്റ് നടപടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും മാതൃകാപരമാണെന്ന് കോൺസൽ ജനറൽ വിലയിരുത്തി. കൂടിക്കാഴ്ചയിൽ ഓസ്ട്രേലിയൻ വൈസ് കോൺസൽ കാറ്റ് നാപ്പും പങ്കെടുത്തു.
ഭൂട്ടാൻ സർക്കാരിന്റെ അഭിനന്ദനത്തിന് പിന്നാലെ ഓസ്ട്രേലിയയും കേരളത്തിന്റെ നീക്കങ്ങളെ പിന്തുണച്ചതോടെ, ലഹരിക്കെതിരായ ഈ വലിയ പോരാട്ടം അന്താരാഷ്ട്ര തലത്തിൽത്തന്നെ വലിയ ശ്രദ്ധ നേടുകയാണ്.

